പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
1460815
Sunday, October 13, 2024 11:50 PM IST
മയ്യിൽ: പൊട്ടിവീണ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. മലപ്പട്ടം തേക്കിൻകൂട്ടത്തെ കണ്ടമ്പേത്ത് തങ്കമണി (56) യാണ് മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. വൈദ്യുത ലൈനിൽനിന്ന് തീപ്പൊരിയുയർന്നത് കണ്ടതിനെ തുടർന്ന് പുറത്തേക്കിറങ്ങിയതായിരുന്നു തങ്കമണി.
ഈ സമയം വൈദ്യുതി ലൈൻ പൊട്ടിവീണത് അവരറിഞ്ഞില്ല. സംസാരശേഷിയില്ലാത്ത സ്ത്രീയാണ് തങ്കമണി. അതിനാൽ അപകടത്തിൽപെട്ടത് ആരും അറിഞ്ഞില്ല. ഏറെ നേരമായിട്ടും തങ്കമണിയെ കാണാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് പറമ്പിൽ ഷോക്കേറ്റ് കിടക്കുന്ന നിലയിൽ അവരെ കണ്ടെത്തിയത്. ഉടൻ മയ്യിൽ ടൗണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് പോകും വഴി മരിക്കുകയായിരുന്നു. കണ്ടമ്പേത്ത് ഗോവിന്ദൻ-പാറു ദമ്പതികളുടെ മകളാണ്. സഹോദരി: രുദ്രാണി. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം മലപ്പട്ടം പൊതുശ്മശാനത്തിൽ നടത്തി.