കണ്ണൂർ സർവകലാശാല പിഎച്ച്ഡി അഡ്മിഷൻ നോട്ടിഫിക്കേഷനിൽ വ്യക്തതക്കുറവെന്ന്; കെപിസിടിഎ വൈസ് ചാൻസലറെ സമീപിച്ചു
1459785
Tuesday, October 8, 2024 8:28 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പുതിയ പിഎച്ച്ഡി പ്രവേശന നോട്ടിഫിക്കേഷനിൽ വ്യക്തതക്കുറവുണ്ടെന്നും മുൻ യുജിസി റെഗുലേഷൻ പ്രകാരം യുജിസി നെറ്റ് നേടിയ ഉദ്യോഗാർഥികളെ ദോഷകരമായി ഇത് ബാധിക്കുമെന്നും കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി അറിയിച്ചു. നോട്ടിഫിക്കേഷൻ തിരുത്താനുള്ള നടപടി കൈക്കൊള്ളണമെന്ന് കെപിസിടിഎ വൈസ് ചാൻസലറോട് അഭ്യർഥിച്ചു.
2024 യുജിസി പബ്ലിക് നോട്ടീസ് പ്രകാരം യുജിസി നെറ്റ് മൂന്ന് വിഭാഗമായി തരംതിരിക്കപ്പെടുകയും രണ്ട് - മൂന്ന് വിഭാഗങ്ങൾക്ക് ഒരു വർഷം മാത്രം കാലാവധി നിശ്ചയിക്കുകയും ചെയ്തു. പ്രസ്തുത റെഗുലേഷന് മുൻപ് യുജിസി നെറ്റിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടായിരുന്നില്ല .
മുൻ റഗുലേഷൻ അനുസരിച്ച് നെറ്റ് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് പുതിയ കണ്ണൂർ സർവകലാശാല അഡ്മിഷൻ നോട്ടിഫിക്കേഷൻ. നൂറുകണക്കിന് അപേക്ഷകരെയും കോളജ് അധ്യാപകരേയും നിലവിലെ നോട്ടിഫിക്കേഷൻ ദോഷകരമായി ബാധിക്കും എന്നതിനാൽ മുൻ റഗുലേഷൻ പ്രകാരം നെറ്റ് യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി നിശ്ചയിക്കുന്നതിൽനിന്നും സർവകലാശാല പിന്തിരിയണമെന്നും കെപിസിടിഎ ആവശ്യപ്പെട്ടു. ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു, ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ. വി. പ്രകാശ് എന്നിവർ പ്രസംഗിച്ചു.