കല്ലപ്പള്ളിയിൽ വീണ്ടും പുലിഭീതി; വളർത്തുനായയെ ആക്രമിച്ചു
1444976
Thursday, August 15, 2024 1:48 AM IST
പാണത്തൂർ: വനാതിർത്തിമേഖലയിലെ പുലിഭീതിക്ക് ശമനമില്ല. കല്ലപ്പള്ളിക്കു സമീപം രംഗത്തുമലയിലാണ് ഇന്നലെ രാത്രി വളർത്തുനായയെ പുലിയെന്ന് സംശയിക്കുന്ന മൃഗം ആക്രമിച്ചത്. വീടിനു സമീപത്തെ ഷെഡിൽ കെട്ടിയിട്ട നായയെ കടിച്ചുവലിച്ചു കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
രംഗത്തുമലയിലെ നരിമറ്റം ബിജുവിന്റെ നായയെയാണ് ആക്രമിച്ചത്. ചങ്ങലയിലായതിനാൽ വലിച്ചുകൊണ്ടുപോകാൻ കഴിഞ്ഞില്ല. രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവമെന്ന് വീട്ടുകാർ പറയുന്നു.
നായയുടെ കരച്ചിൽ കേട്ട വീട്ടുകാർ പുറത്തിറങ്ങി ശബ്ദമുണ്ടാക്കിയപ്പോൾ മൃഗം ഓടിപ്പോവുകയായിരുന്നു. ലൈറ്റടിച്ച് നോക്കിയപ്പോൾ കണ്ടത് പുലിയെ തന്നെയാണെന്ന് അവർ പറയുന്നു. എന്നാൽ, വീട്ടുകാർ പറഞ്ഞ ലക്ഷണങ്ങൾ വച്ച് ഇത് പുലിയാകാനിടയില്ലെന്നും കഴുതപ്പുലിയോ നായ്ക്കൊറ്റനോ ആകാനാണ് സാധ്യതയെന്നുമാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.
ഒരാഴ്ച മുമ്പ് കല്ലപ്പള്ളിക്കു സമീപം ഭീരുദണ്ഡിലെ ഭരതിന്റെ വീട്ടിൽ നിന്നും പട്ടിയെ അജ്ഞാതജീവി പിടിച്ചിരുന്നു. തുടർന്ന് വനംവകുപ്പ് ഇവിടെ കാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഇതേ രീതിയിൽ പലതവണ പുലിയുടെ സാന്നിധ്യം സംശയിക്കപ്പെട്ടതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദേലംപാടി ആദൂരിൽ പുലി കെണിയിൽപ്പെട്ടു ചത്തത്.
ഇവിടെയും വനംവകുപ്പിന്റെ കാമറകളിലൊന്നും പുലിയുടെ ചിത്രം പതിഞ്ഞിരുന്നില്ല.