പിഎംജിഎസ്വൈ: ബ്ലോക്കുകൾക്കു തുല്യ പരിഗണന നൽകണമെന്ന് പ്രിയങ്ക ഗാന്ധി
1564309
Monday, June 2, 2025 5:56 AM IST
കൽപ്പറ്റ: ജില്ലയിൽ പിഎംജിഎസ് വൈ-നാലിൽ ഗ്രാമീണ റോഡുകൾ തെരഞ്ഞെടുക്കുന്പോൾ ബ്ലോക്കുകൾക്ക് തുല്യ പരിഗണന നൽകണമെന്ന് പ്രിയങ്ക ഗാന്ധി എംപി കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ ഇതുവരെ 331 റോഡുകൾക്ക് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസി(കഐസ്എസ്ആർഡിഎ) അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ കൽപ്പറ്റ ബ്ലോക്കിലെ 64 റോഡുകൾക്കുമാത്രമാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്. ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളിൽപ്പെട്ട 267 റോഡുകൾ എൻആർഐഡിഎയുടെ ഓണ്‍ലൈൻ മാനേജ്മെന്റ്, മോണിറ്ററിംഗ്, അക്കൗണ്ടിംഗ് സിസ്റ്റത്തിൽ അംഗീകാരം കാത്തുകിടക്കുകയാണ്.
ഈ റോഡുകൾക്ക് എത്രയും വേഗം അംഗീകാരം നൽകണം. ബത്തേരി, മാനന്തവാടി, പനമരം ബ്ലോക്കുകളിൽ ഗണ്യമായ ആദിവാസി ജനസംഖ്യയുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ആസ്പിരേഷണൽ ബ്ലോക്കുകളിലെ ആദിവാസി ഗ്രാമങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ട്. പിഎംജിഎസ്വൈ-നാല് മാർഗനിർദേശങ്ങൾ പ്രകാരം ആസ്പിരേഷണൽ ബ്ലോക്കുകളിലെ ആദിവാസി ഗ്രാമങ്ങൾക്ക് മുൻഗണന നൽകേണ്ടതുണ്ടെന്നും എംപിയുടെ കത്തിൽ പറയുന്നു.