ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ കെഎസ്ആർടിസി ജീവനക്കാർ രക്ഷിച്ചു
1564804
Wednesday, June 4, 2025 6:35 AM IST
മാനന്തവാടി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാർ രക്ഷകരായി.
ഡിപ്പോയിൽനിന്നു വാളാട് കരിന്പിൽ വഴി സർക്കുലർ സർവീസ് നടത്തുന്ന ബസിലെ യാത്രക്കാരൻ വെണ്മണി ചെറുമനാൽ മനോജിനാണ്(47) ജീവനക്കാരുടെയും സഹയാത്രികരുടെയും അവസരോചിതമായ ഇടപെടൽ തുണയായത്. ഇന്നലെ രാവിലെ 11.30 ഓടെ ബസ് തലപ്പുഴയിൽ എത്തിയപ്പോൾ മനോജിന് നെഞ്ചുവേദനയും വിറയലും അനുഭവപ്പെടുകയായിരുന്നു.
ഇതുകണ്ട് യാത്രക്കാരിൽ ഒരാൾ കണ്ടക്ടർ ബൈജുവിനെയും ഡ്രൈവർ ഷറഫുദ്ദീനെയും വിവരം അറിയിച്ചു. ജീവനക്കാർ ഉടൻ ബസ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് തിരിച്ചുവിടുകയായിരുന്നു. യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ജീവനക്കാർ പറഞ്ഞു.