പുൽപ്പള്ളി, വാളാട്, മേപ്പാടി എക്സൈസ് റേഞ്ച് ഓഫീസുകൾ ആരംഭിക്കണം: എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം
1564044
Sunday, June 1, 2025 5:50 AM IST
കൽപ്പറ്റ: പുൽപ്പള്ളി, വാളാട്, മേപ്പാടി എന്നിവിടങ്ങളിൽ എക്സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 44-ാമത് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കൃഷ്ണഗിരി, മാനന്തവാടി എന്നിവിടങ്ങളിൽ അനുവദിച്ച സ്ഥലത്ത് എക്സൈസ് ഓഫീസുകൾക്ക് മതിയായ സൗകര്യങ്ങളോടെ കെട്ടിടം പണിയണമെന്ന ആവശ്യവും ഉന്നയിച്ചു.
പൊതുമരാമത്ത് ഗസ്റ്റ് ഹൗസ് ഹാളിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി. സജുകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ആർ. ജിനോഷ് അധ്യക്ഷത വഹിച്ചു. ഉത്തര മേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി മുഖ്യപ്രഭാഷണം നടത്തി.
സർവീസിൽനിന്നു വിരമിക്കുന്ന എക്സൈസ് ഇൻസ്പെക്ടർ പി.ജി. രാധാകൃഷ്ണൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)പി.എ. പ്രകാശ്, ഇ.വി. ഏലിയാസ്, പി.കെ. പ്രഭാകരൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. ജീവനക്കാരുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. ഇവർക്കുള്ള മെമന്റോ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ്കുമാർ, ജോയിന്റ് എക്സൈസ് കമ്മീഷണർ കെ.എസ്. ഷാജി എന്നിവർ വിതരണം ചെയ്തു.
ഭാരവാഹികളായി പി.ആർ. ജിനോഷ്(പ്രസിഡന്റ്), സെൽമ കെ. ജോസ്(വൈസ് പ്രസിഡന്റ്), നിക്കോളാസ് ജോസ്(സെക്രട്ടറി), സി.ഡി. സാബു(ജോയിന്റ് സെക്രട്ടറി), ടി.പി. സന്തോഷ്(ട്രഷറർ), വി.പി. വജീഷ്, എം.സി. ഷിജു, എ. ദീപു(സംസ്ഥാന കമ്മിറ്റിയംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു. നിക്കോളാസ് ജോസ് സ്വാഗതവും വി.പി. വജീഷ്കുമാർ നന്ദിയും പറഞ്ഞു.