വയനാട് മഴമഹോത്സവം: ബിടുബി മീറ്റ് ബത്തേരിയിൽ
1564809
Wednesday, June 4, 2025 6:35 AM IST
കൽപ്പറ്റ: വിനോദസഞ്ചാര വികസനം മുനിർത്തി വയനാട് ടൂറിസം ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന 12-ാമത് മഴമഹോത്സവത്തിന്റെ(സ്പ്ലാഷ്-2025) ഭാഗമായ ബിസിനസ് ടു ബിസിനസ് മീറ്റ് ജൂലൈ 11,12,13 തീയതികളിൽ ബത്തേരി സപ്ത റിസോർട്സ് ആൻഡ് സ്പായിൽ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 500ഓളം ബയേഴ്സും വയനാട്, കണ്ണൂർ, കോഴിക്കോട്, മൈസൂരു, നീലഗിരി, കൂർഗ് എന്നിവിടങ്ങളിൽനിന്നായി 200ഓളം സെല്ലേഴ്സും പങ്കെടുക്കും.
ഓർഗനൈസേഷൻ ഭാരവാഹികളായ എം.ജെ. സുനിൽകുമാർ, വിഷ്ണു എം. ദാസ്, സി.പി. ശൈലേഷ്, ബിജു തോമസ്, സി.സി. അഷ്റഫ്, അനൂപ് പാലുകുന്ന്, ഇ.കെ. അനിൽ, പ്രദീപ് മൂർത്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
ഇന്ത്യാ ടൂറിസം, കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ, മറ്റു ടൂറിസം അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് മഴമഹോത്സവത്തിന്റെ സംഘാടനം.
ആഗോള വിനോദ സഞ്ചാര ഭൂപടത്തിൽ വയനാടിനെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് മഴമഹോത്സവം. സ്പ്ലാഷ്-25ന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗണ്‍സിലും ഡിടിപിസിയുമായി സഹകരിച്ച് മഡ് ഫുട്ബോൾ ഉൾപ്പെടെ കായിക മത്സരങ്ങളും സാംസ്കാരിക പരിപാടികളും നടത്തും.