കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം
1564805
Wednesday, June 4, 2025 6:35 AM IST
കൽപ്പറ്റ: ആരോഗ്യ ഗുണനിലവാരത്തിന് കോട്ടത്തറ പഞ്ചായത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് ദേശീയ അംഗീകാരം. എബിഎച്ച് എൻട്രി ലെവൽ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി പഞ്ചായത്തിലെ ഈരംകൊല്ലി രാമൻ സ്മാരക ഗവ.ആയുർവേദ ഡിസ്പെൻസറിയും സർക്കാർ മാതൃക ഹോമിയോ ഡിസ്പെൻസറിയുമാണ് അംഗീകാരം നേടിയത്.
അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഒൗഷധ ഗുണമേൻമ, അണുബാധ നിയന്ത്രണം തുടങ്ങിയവ വിലയിരുത്തിയാണ് സ്ഥാപനങ്ങളെ അംഗീകാരത്തിന് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൽനിന്ന് കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്,
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഇ.കെ. വസന്ത, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഹണി ജോസ്, മെംബർമാരായ പുഷ്പ സുന്ദരൻ, അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, ബിന്ദു മാധവൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.കെ. ദിവ്യ (ആയുർവേദം), ഡോ.സി. പ്രേംകുമാർ(ഹോമിയോ) എന്നിവരടങ്ങിയ സംഘം സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.