പഞ്ചാരക്കൊല്ലിയിൽ കടുവയുടെ കാൽപ്പാടുകൾ
1536410
Tuesday, March 25, 2025 8:36 AM IST
മാനന്തവാടി: പിലാക്കാവ് പഞ്ചാരക്കൊല്ലി പ്രദേശത്ത് വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി. തറാട്ട് ഉന്നതിയിലെ രാമന്റെ വാഴത്തോട്ടത്തിലാണ് ഇന്നലെ രാവിലെ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ കടുവയുടെ കാൽപാടുകളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വനത്തിനോട് ചേർന്ന ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം മുൻപേയുള്ളതാണെന്നും വൈകുന്നേരത്തോടെ കാമറ ട്രാപ്പുകൾ സ്ഥാപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും വനപാലകർ പറഞ്ഞു.
രണ്ട് കുന്നുകൾക്കിടയിലായി സ്ഥിതിചെയ്യുന്ന വയൽഭാഗത്താണ് കാൽപാടുകൾ കണ്ടത്. ഒരു കുന്നിൽ നിന്നും സമീപത്തെ കുന്നിലേക്ക് കടുവ പോയതായാണ് നിഗമനം. ഇത്തരത്തിൽ മുൻപും കടുവയുടെ സഞ്ചാരപാതയായിട്ടുള്ള മേഖലയാണിതെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അഞ്ചു വയസോളം പ്രായമുള്ള കടുവയാണിതെന്നും വനം വളർത്തുമൃഗങ്ങളെ ആക്രമിക്കാതിരുന്നതിനാൽ കടുവ കാടിന്റെ മറ്റൊരു ഭാഗത്തേക്ക് പോയതാകാമെന്നുമാണ് വനംവകുപ്പിന്റെ നിഗമനം. ഇന്നലെ രാത്രിയിൽ പ്രദേശത്തെ നായ്ക്കൾ അസ്വാഭാവികമായ രീതിയിൽ കുരച്ചതായി പ്രദേശവാസികൾ പറഞ്ഞു. രണ്ടുമാസം മുന്പ് കടുവ ആക്രമണത്തിൽ രാധ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും 200 മീറ്ററോളം മാറിയാണിപ്പോൾ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.