പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവുപോലും ആകില്ല: കെ. മുരളീധരൻ
1548638
Wednesday, May 7, 2025 5:51 AM IST
കൽപ്പറ്റ: ആരു തലകുത്തിനിന്നാലും മൂന്നാംതവണ പിണറായി വിജയൻ മുഖ്യമന്ത്രിയാകില്ലെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇനിയും പിണറായി അധികാരത്തിൽ വന്നാൽ പാർട്ടി ഇല്ലാതാകുമെന്നാണ് സാധാരണക്കാരായ സിപിഎം പ്രവർത്തകർ പറയുന്നത്. പ്രതിപക്ഷ നേതാവാകാനുള്ള യോഗംപോലും ഇനി പിണറായിക്ക് ലഭിക്കില്ല. മുഖ്യമന്ത്രിയുടെ മകളുടെ എക്സാലോജിക് കന്പനി യാതൊരു സേവനവും നൽകാതെയാണ് സിഎംആർഎല്ലിൽനിന്നു രണ്ടു കോടി രൂപ കൈപ്പറ്റിയത്.
എസ്എഫ്ഐഒ അന്വേഷണം നടത്തി, ചെയ്യാത്ത സേവനത്തിന് പണം വാങ്ങിയതായുള്ള കണ്ടെത്തൽ കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. മകൾ കേസിൽ പ്രതിയായ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കേണ്ടതാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്വർണക്കടത്ത് കേസിൽ പ്രതിയായി ജയിലിലായി.
കേസ് ഇപ്പോഴും നിലനിൽക്കുകയാണ്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സന്പാദിച്ചതായി കണ്ടെത്തിയിരിക്കയാണ്. ഹൈക്കോടതി സിബിഐ അന്വേഷണം ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ സുപ്രീം കോടതി സ്റ്റേ നൽകി. എന്നാൽ കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ല. പ്രതിപ്പട്ടികയിൽ ഇപ്പോഴും പ്രിൻസിപ്പൽ സെക്രട്ടറിയുണ്ട്.
സ്ത്രീകളുടെ കണ്ണീർ വീഴ്ത്തിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. ആശാ വർക്കർമാരുടെ സമരം 90 ദിവസം പിന്നിടുന്പോഴും ഓണറേറിയം ഒരു രൂപ പോലും വർധിപ്പിക്കാൻ സർക്കാർ തയാറാകുന്നില്ല. സെക്രട്ടേറിയേറ്റിനു മുന്പിൽ വനിതാ പോലീസ് ഉദ്യോഗാർഥികളുടെയും കണ്ണീർ വീണു. സിപിഎം നേതാവ് പി.കെ. ശ്രീമതിയുടെ കണ്ണീരും കേരളം കണ്ടു. സ്ത്രീകളുടെ കണ്ണീർ വീണാൽ സാമ്രാജ്യങ്ങൾ അടക്കം തകരുമെന്നതിന് എത്രയോ ഉദാഹരണങ്ങളുണ്ട്. പുരാണവും ചരിത്രവും പരിശോധിച്ചാൽ അത് മനസിലാകും.
മാർപാപ്പയുടെ ദേഹവിയോഗത്തിലും പഹൽഗാമിൽ ഭീകരവാദി ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിലും ഹൃദയം നീറി ജനം നിൽക്കുന്പോൾ എകെജി സെന്റർ ഉദ്ഘാടനം നടത്തിയവരാണ് സിപിഎമ്മുകാർ. പോളിറ്റ് ബ്യൂറോ അംഗം മാത്രമായ മുഖ്യമന്ത്രി ദേശീയ സെക്രട്ടറി എം.എ. ബേബിയെ മൂന്നാം നിരയിലിരുത്തിയാണ് ഉദ്ഘാടനം നിർവഹിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തെത്തുടർന്നു നാലു പേരാണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് സർക്കാർ ഭാഷ്യം. എല്ലാ രോഗികളും മരിക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്പോഴാണ്. ഈ മരണങ്ങളുടെ മൂലകാരണം തീപിടിത്തമാണ്. കഴിഞ്ഞദിവസവും മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിയാൽ വലിയ താമസമില്ലാതെ പരലോകത്തേക്ക് പോകാമെന്നാണ് ആളുകൾ പറയുന്നത്.
പാവപ്പെട്ട മൂന്ന് കുട്ടികളാണ് പേവിഷബാധയ്ക്കെതിരേ വാക്സിനെടുത്തിട്ടും സംസ്ഥാനത്ത് അടുത്തിടെ മരിച്ചത്. വാക്സിൻ യോജ്യമായ രീതിയിലാണോ സൂക്ഷിച്ചതെന്നതടക്കം കാര്യങ്ങൾ പരിശോധിക്കണം. എന്നാൽ ആരോഗ്യമന്ത്രി ഇതൊന്നും കാണുന്നില്ല. മുഖ്യമന്ത്രി രാജിവയ്ക്കുന്നതിനു മുന്പ് ആരോഗ്യമന്ത്രിയെ പുറത്താക്കണണം.
കേരള ഹൗസിൽ ധനമന്ത്രി നിർമല സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച ഡീലാണ്. ഗവർണറും കെ.വി. തോമസുമാണ് ഒപ്പമുണ്ടായിരുന്നത്. ഇത് അന്തർധാരയുടെ ഭാഗമാണ്. 2026ൽ സിപിഎമ്മിനെ വിജയിപ്പിച്ചാൽ 2031ൽ ബിജെപിയെ അധികാരത്തിലെത്തിക്കുമെന്നതാണ് ആ ഡീലെന്നും മുരളീധരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, സി.പി. വർഗീസ്, എൻ.കെ. വർഗീസ്, ടി.ജെ. ഐസക്, കെ.കെ. വിശ്വനാഥൻ, കെ. ഇ. വിനയൻ, സംഷാദ് മരക്കാർ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, വി.എ. മജീദ്, കെ.വി. പോക്കർ ഹാജി, എം.ജി. ബിജു, ബിനു തോമസ്,
എൻ.സി. കൃഷ്ണകുമാർ, കമ്മന മോഹനൻ, ഡി.പി. രാജശേഖരൻ, സി. ജയപ്രസാദ്, പി.ഡി. സജി, പി.കെ. അബ്ദുറഹ്മാൻ, ശോഭനകുമാരി, ചിന്നമ്മ ജോസ്, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ജി. വിജയമ്മ, പി.വി. ജോർജ്, പി. വിനോദ്കുമാർ, എച്ച്.ബി. പ്രദീപ്, ഒ.ആർ. രഘു, നജീബ് കരണി, മോയിൻ കടവൻ, പോൾസണ് കൂവക്കൽ, വർഗീസ് മൂരിയൻകാവിൽ എന്നിവർ പ്രസംഗിച്ചു.