ഗ്രാമീണ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം
1511995
Friday, February 7, 2025 5:23 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ക്വാറികളുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പരാതിയിൽ പത്ത് ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾക്ക് ഗ്രാമീണ റോഡുകളിൽ നിയന്ത്രണമേർപ്പെടുത്താൻ പഞ്ചായത്ത് ബോർഡ് യോഗം തീരുമാനിച്ചു.
ഈ വിഷയത്തിൽ ക്വാറി ഉടമകൾക്ക് നോട്ടീസ് നൽകും. വലിയ വാഹനങ്ങളുടെ സഞ്ചാരം, സഞ്ചാര സമയം അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുന്നതിനായി ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും.
ക്വാറികളിലെ അമിത സ്ഫോടനം നടക്കുന്നതായുള്ള പരാതി പരിശോധിക്കുന്നതിനായി എക്സ്പ്ലോസീവ് വിഭാഗത്തിന്റെ ശ്രദ്ധയിൽക്കൊണ്ടുവരും. പൊടിശല്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ മലിനീകരണ നിയന്ത്രണ ബോർഡിന് കൈമാറും.
തകർന്നുകിടക്കുന്ന അറുപത് കവല - ക്വാറി റോഡ് സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകാമെന്ന ക്വാറി ഉടമയുടെ നിർദേശത്തിനും യോഗം അംഗീകാരം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ പറഞ്ഞു.