സുനിലിനും കുടുംബത്തിനും ഒറ്റമുറി ഷെഡിൽ നിന്നു മോചനമാകുന്നു
1511992
Friday, February 7, 2025 5:23 AM IST
കൽപ്പറ്റ: മൂലങ്കാവിൽ ഒറ്റമുറി ഷെഡിൽ അഞ്ചുവർഷമായി താമസിക്കുന്ന കിഴക്കേത്തൊടിയിൽ സുനിലിന്റെയും കുടുംബത്തിന്റെയും ഭവനസ്വപ്നം യാഥാർഥ്യമാകുന്നു. കുടുംബത്തിന് റോട്ടറി ചിറ്റിലപ്പള്ളി സ്വപ്നഭവന പദ്ധതിയിൽ അനുവദിച്ച വീടിന്റെ കട്ടിളവയ്പ്പ് കഴിഞ്ഞ ദിവസം നടത്തി. ഭിന്നശേഷിക്കാരാണ് സുനിലും ഭാര്യ ഷീബയും. എട്ടിലും ഒന്പതിനും പഠിക്കുന്ന രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
ആസ്ബറ്റോസ് മേഞ്ഞ ഒറ്റമുറി ഷെഡ്ഡിൽ കുടുംബം അനുഭവിക്കുന്ന യാതന പ്രദേശവാസികൾ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് റോട്ടറി ക്ലബ് അംഗങ്ങൾ നടത്തിയ ഇടപെടലാണ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ ഈ വർഷം നടപ്പിലാക്കുന്ന റോട്ടറി ചിറ്റിലപ്പള്ളി സ്വപ്നഭവന പദ്ധതിയിൽ വീട് അനുവദിക്കുന്നതിന് വഴിയൊരുക്കിയത്.
450 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് സുനിലിനു നിർമിക്കുന്നത്. ആറ് ലക്ഷം രൂപയാണ് കണക്കാക്കുന്ന നിർമാണച്ചെലവ്. ഇതിൽ മൂന്നു ലക്ഷം രൂപയാണ് സ്വപ്നഭവന പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്. പ്രദേശവാസികളായ പി.എം. രാജൻ, കെ.കെ. മുരളി, വി.കെ. ബാബു, ജോണി കുന്പപ്പള്ളി, സുനി റാത്തപ്പള്ളി, വി.കെ. ബോസ് എന്നിവരുടെ നേതൃത്വത്തിലാണ് ബാക്കി തുക കണ്ടെത്തുന്നത്.
നൂൽപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ. ഉസ്മാൻ കട്ടിളവയ്പ്പ് നിർവഹിച്ചു. ബത്തേരി റോട്ടറി ക്ലബ് പ്രസിഡന്റ് സി.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം അനിൽ മാളപ്പുര, സണ്ണി വിളക്കുന്നേൽ, ഇ.വി. വിനയൻ, ബെന്നി വടക്കനാട്, കെ.ടി. മനോജ്, എം.ടി. ഷാജി എന്നിവർ പ്രസംഗിച്ചു. ഈ വർഷം റോട്ടറി ചിറ്റിലപ്പള്ളി സ്വപ്നഭവന പദ്ധതിയിൽ അഞ്ച് വീടുകളാണ് നിർമിക്കുന്നത്.