കാരാട്ടുകുറീസ് ആക്ഷൻ കമ്മിറ്റി 17ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും
1486667
Friday, December 13, 2024 4:21 AM IST
കൽപ്പറ്റ: കാരാട്ടുകുറീസിൽ നിക്ഷേപം നടത്തി വഞ്ചിതരായവർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് കളക്ടറേറ്റ് മാർച്ചും ധർണയും നടത്തും. നിക്ഷേപങ്ങൾ തിരികെ ലഭ്യമാക്കുന്നതിലും വഞ്ചന നടത്തിയവരെ നിയമത്തിനു മുന്നിൽ നിർത്തുന്നതിലും പോലീസ് ഉദാസീനത കാട്ടുന്നതിൽ പ്രതിഷേധിച്ചാണ് സമരമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ടി.എസ്. സ്മിത, വി.കെ. അഷ്റഫ്, ദേവി വൈത്തിരി, ഷംസുദ്ദീൻ അരപ്പറ്റ, ടി.കെ. അലി ചൂരൽമല എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് പുതിയ സ്റ്റാൻഡ് പരിസരത്ത് മാർച്ച് ആരംഭിക്കും.
മലപ്പുറം കൂരിയാട് ആസ്ഥാനമായി പ്രവർത്തിക്കുന്നതാണ് കാരാട്ട് കുറീസ്. കഴിഞ്ഞ മാസമാണ് സ്ഥാപനത്തിന്റെ വയനാട്ടിലെ ബ്രാഞ്ചുകൾ അടച്ചുപൂട്ടിയത്. ഇതേത്തുടർന്ന് നിക്ഷേപകർ വ്യക്തിപരമായും കൂട്ടായും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറീസിന്റെ കൽപ്പറ്റ ബ്രാഞ്ച് പോലീസ് സീൽ ചെയ്തെങ്കിലും തുടർ നടപടികൾ ഉണ്ടായില്ല. സ്ഥാപനത്തിൽ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്.
മുഴുവൻ നിക്ഷേപകർക്കുമായി കോടിക്കണക്കിനു രൂപയാണ് ലഭിക്കാനുള്ളത്. സ്ഥാപന ഉടമകളെ അറസ്റ്റുചെയ്യണം. അവരുടെ പാസ്പോർട്ടും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കണം. സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നഷ്ടപരിഹാരം സഹിതം തുക ലഭ്യമാക്കണം. സ്ഥാപനത്തിനെതിരായ കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നതിന് ഇടപെടുന്നതിന് നിയോജകമണ്ഡലം എംഎൽഎയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകിയതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.