കഞ്ചാവുചെടികൾ നശിപ്പിച്ചതിലെ വിരോധം: കൃഷികൾ നശിപ്പിച്ചു
1486666
Friday, December 13, 2024 4:21 AM IST
മാനന്തവാടി: വീടുവളപ്പിൽ നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ പോലീസ് സാന്നിധ്യത്തിൽ നാട്ടുകാർ നശിപ്പിച്ചതിന്റെ വിരോധത്തിൽ യുവാവ് മറ്റൊരാളുടെ കൃഷിയിടത്തിലെ 300 ഓളം വാഴകളും 25 ഓളം കുരുമുളക് ചെടികളം വെട്ടിയും കീടനാശിനി ഒഴിച്ചും നശിച്ചിച്ചു. പിലാക്കാവ് മണിയൻകുന്നിലെ തച്ചറക്കോല്ലി കൃഷ്ണപ്രസാദിന്റെ കൃഷിയാണ് തൃശിലേരി മുത്തുമാരി ഉന്നതിയിലെ സുധിഷ് വെള്ളച്ചാൽ നശിപ്പിച്ചത്. മൂന്ന് മാസം മുൻപ് സുധീഷിന്റെ വീട്ടുവളപ്പിൽ കണ്ട കഞ്ചാവുചെടികൾ നാട്ടുകാർ പോലീസിന്റെ സാന്നിധ്യത്തിൽ നശിപ്പിച്ചിരുന്നു. ഇതിൽ സുധീഷിന് കൃഷ്ണപ്രസാദിനോട് വിരോധം ഉണ്ടായിരുന്നു.
ഒരു മാസം മുന്പ് 100 വാഴകൾ വെട്ടിനശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാർ സുധീഷിനെ പിടികൂടി പോലിസിൽ ഏൽപ്പിച്ചെങ്കിലും സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. ഇതിനു പിന്നാലെയാണ് കൃഷിയിടത്തിൽ വലിയ നാശം വരുത്തിയത്. പരാതിയുമായി പോയാൽ വീട്ടിൽകയറി അതിക്രമം നടത്തുമെന്ന സന്ദേശം വാട്സാപ്പിലൂടെ കൃഷ്ണപ്രസാദിന് സുധീഷ് അയയ്ക്കുകയുമുണ്ടായി. കൃഷി നശിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പോലീസിനോട് ആവശ്യപ്പെട്ടു.