കുപ്രചാരണം: തൃക്കൈപ്പറ്റ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി
1486668
Friday, December 13, 2024 4:22 AM IST
കൽപ്പറ്റ: തൃക്കൈപ്പറ്റ മഹാശിവക്ഷേത്രത്തിന് പുനരുദ്ധാരണ പ്രവർത്തനത്തിന് സർക്കാർ മലബാർ ദേവസ്വം ബോർഡ് മുഖേന അനുവദിച്ച തുകയുമായി ബന്ധപ്പെട്ട് കുപ്രചാരണം നടത്തുന്നതിനെതിരേ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. അഞ്ച് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. എന്നാൽ രണ്ടു കോടി രൂപ അനുവദിച്ചെന്നു കാണിച്ചും സർക്കാരിനെ അഭിനന്ദിച്ചുമാണ് ചിലർ ക്ഷേത്ര പരിസരത്തും തൃക്കൈപ്പറ്റ ടൗണിലും ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചത്.
വിശ്വാസികൾക്കും പൊതുജനങ്ങൾക്കുമിടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനാണ് ഈ കുപ്രചാരണമെന്ന് ദേവസ്വം ബോർഡ് അംഗം കെ. രാമചന്ദ്രൻ, മുൻ അംഗം വി. കേശവൻ, ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി കെ. മോഹനചന്ദ്രൻ ഉണ്ണിത്താൻ, എൻ.കെ. ഗോപി വെള്ളിത്തോട് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ വിവരം അടങ്ങിയ ഫ്ളക്സ് ബോർഡുകൾ ക്ഷേത്ര സംരക്ഷണ സമിതിയുടെ പേരിലാണ് സ്ഥാപിച്ചത്. ബോർഡുകൾ സ്ഥാപിച്ചവരെ സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് കണ്ടെത്തി നിയമത്തിനു മുന്നിൽനിർത്തണമെന്നാണ് പോലീസിനു നൽകിയ പരാതിയിലെ മുഖ്യ ആവശ്യമെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.