പുനരധിവാസം വൈകിയാൽ സംസ്ഥാന വ്യാപക പ്രക്ഷോഭം: വി.ഡി. സതീശൻ
1486660
Friday, December 13, 2024 4:21 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം വൈകിയാൽ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്ഗ്രസ് നേതൃത്വം നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദുരന്തബാധിതരോടുള്ള കേന്ദ്ര, കേരള സർക്കാരുകളുടെ അവഗണനയ്ക്കെതിരേ കളക്ടറേറ്റ് മാർച്ച് നടത്തിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് ഡിസിസി സംഘടിപ്പിച്ച ജില്ലാ പോലീസ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുനരധിവാസവുമായി ബന്ധപ്പെട്ട് അടിയന്തരമായി സർവകക്ഷി യോഗം വിളിച്ച് തുടർനടപടികളിലേക്ക് കടക്കാൻ സർക്കാർ തയാറാകണം.
ഇനിയും ദുരന്തബാധിതരോട് നിരുത്തരവാദപരമായും അവഗണനയോടെയും പെരുമാറുന്നത് സമ്മതിക്കാനാവില്ല. കേരളത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് സർക്കാരില്ലായ്മയാണ്. ദുരിതം അനുഭവിക്കുന്നവർ സർക്കാരിന്റെ ഇടപെടൽ ആഗ്രഹിക്കുന്നത് സാധാരണമാണ്. എന്നാൽ പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ കാര്യത്തിൽ അതുണ്ടാവുന്നില്ല. കേന്ദ്ര സർക്കാരിന്റെ അവഗണനയെക്കുറിച്ച് ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. ദുരന്തവുമായി ബന്ധപ്പെട്ട് വിശദമായ കണക്ക് നൽകിയത് ഇക്കഴിഞ്ഞ നവംബറിലാണ്. ഇത് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ്.
ഇതുപോലൊരു ദുരന്തമുണ്ടായപ്പോൾ മറ്റൊന്നും നോക്കാതെ കേന്ദ്രം സഹായം നൽകേണ്ടതായിരുന്നു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധി വദ്രയുടെയും നേതൃത്വത്തിൽ കേന്ദ്ര സഹായത്തിനു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 681 കോടി രൂപ എത്തിയപ്പോൾ ചെലവഴിച്ചത് 7.65 കോടി രൂപ മാത്രമാണ്. പുനരധിവാസം അനന്തമായി നീണ്ടുപോയാൽ ദുരന്തബാധിതർ വലിയ പ്രതിസന്ധിയിലാകും. രാഹുൽ ഗാന്ധിയും കർണാടക സർക്കാരും മുസ്ലിംലീഗും നൂറ് വീതവും യൂത്ത് കോണ്ഗ്രസ് 30ഉം വീടുകൾ നിർമിച്ചുനൽകാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. സ്ഥലം വാങ്ങി വീട് വയ്ക്കാമെന്ന് പറഞ്ഞപ്പോൾ സർക്കാർ ഭൂമി തരുമെന്നാണ് അറിയിച്ചത്. ഈ വിഷയം യുഡിഎഫിൽ ചർച്ച ചെയ്യുകയും ഭൂമിക്കായി കാത്തിരിക്കുകയുമാണ്. നിയമപ്രശ്നങ്ങളില്ലാത്ത ഭൂമി ഏറ്റെടുക്കണമെന്നു സർക്കാരിനോട് പ്രതിപക്ഷം നേരത്തേ ആവശ്യപ്പെട്ടതാണ്.
യൂത്ത് കോണ്ഗ്രസ് സമാധാനപരമായി നടത്തിയ മാർച്ചിന് നേരേയാണ് പോലീസ് നാലുവട്ടം ലാത്തിച്ചാർജ് നടത്തിയത്. നേതാക്കളെ തെരഞ്ഞുപിടിച്ച് വിരോധം തീർക്കാനെന്നവണ്ണം ക്രൂരമായി മർദിച്ചു. ഇത് മറക്കില്ല. തല്ലിയിട്ടും തല്ലിയിട്ടും മതിവരാത്ത ഉദ്യോഗസ്ഥരെ കോണ്ഗ്രസിനു അറിയാം. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരുടെ ദേഹത്തുവീണ ഓരോ അടിക്കും മറുപടി പറയിക്കുമെന്നും സതീശൻ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, കെ.എൽ. പൗലോസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.ഇ. വിനയൻ, സംഷാദ് മരക്കാർ, എം.ജി. ബിജു, ബിനു തോമസ്, ടി.ജെ. ഐസക്, അമൽ ജോയി, ഗൗതം ഗോകുൽദാസ്, ജിനി തോമസ് എന്നിവർ പ്രസംഗിച്ചു.