പട്ടികവർഗ മേഖലയിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ ഗുണമേൻമ ഉറപ്പാക്കും
1487010
Saturday, December 14, 2024 5:43 AM IST
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സഹകരണത്തോടെ ജില്ലയിലെ പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് ഗുണമേൻമ മെച്ചപ്പെടുത്താൻ നൂതന കർമപദ്ധതികൾ തയ്യാറാക്കും. ഇതിനായി ജില്ലാതല യോഗം ചേർന്നു.
വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയൽ, ഹാജരില്ലായ്മ, മുഴുവൻ വിദ്യാർഥികളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ എഴുതിക്കൽ തുടങ്ങിയ പഠനപരിപോഷണ പദ്ധതികളാണ് കർമപദ്ധതിയിലുൾപ്പെടുത്തുന്നത്. കർമപദ്ധതികൾ നടപ്പാക്കുന്പോൾ ഗോത്ര മേഖലയിലെ വിദ്യാർഥികൾക്ക് വിദ്യാലയം തന്റെ കൂടെ ഇടമാണെന്ന് തോന്നിപ്പിക്കും വിധമാകണമെന്ന് ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്ത ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.
ജില്ലയിൽ പട്ടികവർഗ വിദ്യാർഥികളുടെ അഭിരുചിക്കനുസൃതമായ പഠന കോഴ്സുകൾ ഉറപ്പാക്കാൻ കഴിയണം.വിദ്യാർഥികൾ സ്കൂളുകളിലെത്തിയില്ലെങ്കിൽ ബന്ധപ്പെട്ട വാർഡ് അംഗങ്ങൾ, പ്രമോട്ടർമാർ, അധ്യാപകർ കൃത്യമായ നിരീക്ഷണം നടത്തി ആവശ്യമായ ഇടപെടൽ നടത്തണമെന്നും എം.എൽ.എ പറഞ്ഞു.
കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന ജില്ലാതല യോഗത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് സോഷൽ സർവീസ് ഡിവിഷൻ അംഗം മിനി സുകുമാരൻ ഓണ്ലൈനായി അധ്യക്ഷയായി. ഐ.സി. ബാലകൃഷ്ണ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് സോഷൽ സർവീസ് ഡിവിഷൻ ബിന്ദു പി. വർഗീസ്, പൊതു വിദ്യാഭ്യാസ വകുപ്പ് എഡിപിഎ സി.എ. സന്തോഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ശരചന്ദ്രൻ, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.