കാട്ടാനശല്യം രൂക്ഷം; ജീവിതം വഴിമുട്ടി പണയന്പം നിവാസികൾ
1376940
Saturday, December 9, 2023 1:11 AM IST
സുൽത്താൻ ബത്തേരി: കാട്ടാനശല്യത്തിൽ ജീവിതം വഴിമുട്ടി വടക്കനാട് പണയന്പത്തെ കർഷകജനത. രണ്ടാഴ്ചയായി ഗ്രാമത്തിൽ ഇറങ്ങുന്ന കാട്ടാനകൾ വ്യാപക കൃഷിനാശമാണ് വരുത്തുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ ഒന്നാംവാർഡിലാണ് പണയന്പം.
കഴിഞ്ഞ ദിവസം കല്ലോടിക്കൽ ജോർജിന്റെ തോട്ടത്തിൽ കായ്ഫലമുളള തെങ്ങ്, കമുക്, വിളവെടുക്കാറായ കാപ്പിച്ചെടികൾ തുടങ്ങിയവ കാട്ടാനകൾ നശിപ്പിച്ചു. തെങ്ങുകളും കമുകുകളും മറിച്ചിടുന്നതിനിടെ ആനകളുടെ ശരീരം തട്ടിയാണ് കാപ്പിച്ചെടികൾ നശിച്ചത്. ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ വിളകളാണ് കാട്ടാന നശിപ്പിച്ചതെന്നു ജോർജ് പറഞ്ഞു.
പണയന്പം കോടാർകുന്നിലെ രാജൻ, കല്ലാടിക്കൽ തോമസ് തുടങ്ങിയവരും വന്യജീവി ശല്യത്തിന്റെ തിക്തഫലം അനുഭവിക്കുന്നവരാണ്. നൂറുകണക്കിനു തെങ്ങും മറ്റ് വിളകളും ഉണ്ടായിരുന്നതാണ് പണയന്പവും സമീപ പ്രദേശങ്ങളും.
നിലവിൽ നാമാത്രമാണ് അവയുടെ എണ്ണം. വന്യജീവികൾ വരുത്തുന്ന കൃഷിനാശം മൂലം ഉണ്ടായ വരുമാനത്തകർച്ച കൃഷിക്കാരുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുകയാണ്. വനാതിർത്തിയിലെ കിടങ്ങും തൂക്കുവേലിയും മറികടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ എത്തുന്നത്. കിടങ്ങ് ഇടിഞ്ഞ ഭാഗങ്ങളിലൂടെയാണ് ആനകളുടെ വരവും പോക്കും.
വനാതിർത്തികളിലെ ഫെൻസിംഗ് സംവിധാനവും കാര്യക്ഷമമല്ലെന്നു കർഷകർ പറയുന്നു. കൃഷിക്കാർ സ്വന്തംനിലയിൽ സ്ഥാപിച്ച വേലികളും കാട്ടാനകൾ തകർക്കുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പണയന്പം നിവാസികളുടെ ആവശ്യം.