ചുരത്തിലെ കടുവ സാന്നിധ്യം: നിരീക്ഷണം തുടർന്ന് വനസേന
1376671
Friday, December 8, 2023 1:35 AM IST
കൽപ്പറ്റ: കടുവ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിൽ താമരശേരി ചുരത്തിലെ ഒന്പതാം വളവിനു സമീപമുള്ള പ്രദേശങ്ങളിൽ വനസേന നിരീക്ഷണം തുടരുന്നു. ഇന്നലെ പുലർച്ചെ ഒന്നരയോടെ വഴിയരികിൽ യാത്രക്കാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ട കടുവ ആവാസസ്ഥലത്തേക്ക് മടങ്ങിയെന്നാണ് സ്ഥലപരിശോധന നടത്തിയ വനസേനയുടെ അനുമാനം.
എങ്കിലും കടുവ തിരിച്ചെത്താനുള്ള സാധ്യതയും ജനങ്ങളുടെ ആശങ്കയും കണക്കിലെടുത്താണ് നിരീക്ഷണം. ചുരത്തിൽ റോഡിനു കുറുകെ നടന്ന കടുവ കാട്ടിലേക്കാണ് പോയത്. കടുവയെ കണ്ടവർ മൊബൈൽ ഫോണിൽ ദൃശ്യം പകർത്തിയിരുന്നു. വിവരം അറിഞ്ഞ് എത്തിയ പോലീസ് പട്രോളിംഗ് പാർട്ടിയും കടുവയെ കണ്ടു.
രാവിലെ വനംദ്രുത പ്രതികരണ സേന ഒന്പതാം വളവിന്റെ പരിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയുടെ കാൽപാടുകൾ മാത്രമാണ് കാണാനായത്. റോഡരികിലെ വനമേഖലയിൽ കടുവയില്ലെന്ന് വനസേന ഉറപ്പുവരുത്തിയിട്ടുണ്ട്.വരും ദിവസങ്ങളിലും സൗത്ത് വയനാട്, കോഴിക്കോട് വനം ഡിവിഷനുകളുടെ സംയുക്താഭിമുഖ്യത്തിൽ ചുരത്തിൽ പരിശോധന നടത്തും.
ദിവസങ്ങൾ മുന്പ് വൈത്തിരി തളിമലയിൽ കടുവ ഇറങ്ങിയിരുന്നു. ഇതേ കടുവയാണ് ചുരത്തിൽ എത്തിയതെന്നു വനസേനയ്ക്കു സംശയമുണ്ട്. തളിമലയിലും ചുരത്തിലും എത്തിയത് ഒരേ കടുവയാണോ എന്ന് തിരിച്ചറിയുന്നതിന് ചിത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.