എന്റെ വാർഡ് നൂറിൽ നൂറ്; മീനങ്ങാടി പഞ്ചായത്തിനെ ആദരിച്ചു
1376656
Friday, December 8, 2023 1:29 AM IST
കൽപ്പറ്റ: നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എന്റെ വാർഡ് നൂറിൽ നൂറ് കാന്പയിനിൽ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി പഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷൻ ആദരിച്ചു.
മീനങ്ങാടി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോർഡിനേറ്റർ സുരേഷ് ബാബു ഹരിതകർമസേനയെ ആദരിച്ചു. മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വാസുദേവൻ പദ്ധതി വിശദീകരണം നടത്തി.
കാന്പയിനിന്റെ ഭാഗമായി ആകെയുള്ള 19 വാർഡുകളിലും 100 ശതമാനം യൂസർ ഫീയും 100 ശതമാനം വാതിൽപ്പടി ശേഖരണവും പൂർത്തീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സിന്ധു ശ്രീധരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്രത് തുടങ്ങിയവർ പ്രസംഗിച്ചു.