സാക്ഷരതാ മികവുത്സവം: പരീക്ഷയെഴുതാൻ 1074 പേർ
1376649
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി 10ന് മികവുത്സവം നടക്കും.
അടിസ്ഥാന സാക്ഷരതാ പരീക്ഷ ഭയം കൂടാതെയെഴുതാൻ മുതിർന്ന പഠിതാക്കളെ സഹായിക്കുന്നതിനാണ് മികവുത്സവമായി മൂല്യനിർണയം നടത്തുന്നത്. വാചികം, എഴുത്ത്, ഗണിതം എന്നീ വിഭാഗങ്ങളിലായി 150 മാർക്കിന്റെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയ മൂല്യനിർണയത്തിൽ 45 മാർക്ക് ലഭിക്കുന്നവർക്ക് സാക്ഷരതാ സർട്ടിഫിക്കറ്റ് നൽകും.
ജില്ലയിലെ 155 കേന്ദ്രങ്ങളിലായി 1074 പഠിതാക്കൾ സാക്ഷരതാ മികവുത്സവത്തിൽ പങ്കെടുക്കും. സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്ദീപ് ചന്ദ്രന്റെ അധ്യക്ഷതയിൽ മികവുത്സവ നടത്തിപ്പ് സംബന്ധിച്ച് യോഗം ചേർന്നു. ജില്ലാ കോഓർഡിനേറ്റർ പി.വി. ശാസ്ത പ്രസാദ്, സ്റ്റാഫ് പി.വി. ജാഫർ, നോഡൽ പ്രേരക് എ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.