ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു
1376647
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വെണ്ണിയോട് കല്ലട്ടി മാടക്കുന്ന് വടക്കേവീട്ടിൽ കേളുക്കുട്ടിയുടെ വീടാണ് തകർന്നത്. ഇന്നലെ രാവിലെ 7.40നാണ് സംഭവം. വീട്ടിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. കേളുക്കുട്ടിയുടെ ബന്ധു ചന്തു സിലിണ്ടർ തുറക്കാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് പുറത്തേക്ക് തള്ളി.
കേളുവിന്റെ ഭാര്യ ശാന്തയെ അടുക്കളയിൽനിന്നു തള്ളിമാറ്റി ചന്തു പുറത്തിറങ്ങിയപ്പോഴേക്കും സ്ഫോടനം നടന്നു. വീടിന്റെ മേൽക്കൂരയടക്കം പിൻഭാഗം പൂർണമായം തകർന്നു. ജനലുകൾ ചിതറിത്തെറിച്ചു. സാധനസാമഗ്രികളിൽ ഏറെയും നശിച്ചു. പോലീസും അഗ്നി-രക്ഷാസേനയും സ്ഥലത്ത് പരിശോധന നടത്തി.