ദ്രൗപദിയമ്മയ്ക്കു വായിക്കാൻ പുസ്തകങ്ങളുമായി ജനമൈത്രി പോലീസ്
1376645
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: എഴുപതു കഴിഞ്ഞ ദ്രൗപദിയമ്മയ്ക്ക് വായിക്കാൻ പുസ്തകങ്ങളുമായി വയനാട് ജനമൈത്രി പോലീസ്. തേയിലത്തോട്ടം തൊഴിലാളിയായിരുന്ന ദ്രൗപദിയമ്മയ്ക്കു വായനയിലുള്ള കന്പം തിരിച്ചറിഞ്ഞാണ് ജനമൈത്രി പോലീസ് പുസ്തകങ്ങൾ നൽകിയത്. പൊഴുതന മുത്താറിക്കുന്ന് സ്വദേശിനിയാണ് ദ്രൗപദിയമ്മ. കൗമാര പ്രായത്തിൽ തുടങ്ങിയതാണ് പുസ്തകങ്ങളുമായുള്ള സല്ലാപം. കഴിഞ്ഞ അര നൂറ്റാണ്ടിനിടെ മലയാളത്തിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ മിക്കതും അവർ വായിച്ചിട്ടുണ്ട്.
അമ്മ പങ്കജാക്ഷിയിൽനിന്നു പകർന്നുകിട്ടിയതാണ് വായനാശീലം. വൈത്തിരി പോലീസിനു കീഴിൽ പൊഴുതനയിൽ പ്രവർത്തിക്കുന്ന വയോജന കൂട്ടായ്മയിൽ അംഗമാണ് ദ്രൗപദിയമ്മ. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരിൽനിന്നു സമാഹരിച്ച 25 പുസ്തകങ്ങളാണ് പൊഴുതനയിൽ സംഘടിപ്പിച്ച ചടങ്ങിൽ വൈത്തിരി പോലീസ് ഇൻസ്പെക്ടർ ബോബി വർഗീസ്, ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം. ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ ദ്രൗപദിയമ്മയ്ക്ക് കൈമാറിയത്.
വൈത്തിരി എസ്ഐ മണി, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷൈജു, പി. ആലി തുടങ്ങിയവർ പങ്കെടുത്തു. ദ്രൗപദിയമ്മയ്ക്ക് കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കുമെന്ന് ജനമൈത്രി പോലീസ് അറിയിച്ചു.