"എന്റെ വോട്ട് എന്റെ അവകാശം’: ബോധവത്കരണവുമായി തെരഞ്ഞെടുപ്പ് വിഭാഗം
1376643
Friday, December 8, 2023 1:19 AM IST
കൽപ്പറ്റ: കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി ജില്ലയിൽ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ കാന്പയിൻ നടത്തി. വോട്ടിംഗ് യന്ത്രങ്ങളെ പരിചയപ്പെടൽ, വോട്ടർമാരുടെ അവകാശങ്ങൾ, വോട്ടിംഗിന്റെ സുതാര്യതകൾ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവർത്തനങ്ങൾക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം നേതൃത്വം നൽകുന്നത്. ഗോത്ര സങ്കേതങ്ങൾ, കലാലയങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ സ്വീപ്പ്, ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ കാന്പയിനുകൾ നടക്കുന്നത്.
വാഴവറ്റ മെന്റൽ റിഹാബിലിറ്റേഷൻ സെന്ററിൽ ഇലക്ഷൻ ബോധവത്കരണ ക്ലാസും വോട്ടിംഗ് യന്ത്രങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രവർത്തനവും നടത്തി.
മാനന്തവാടി താലൂക്കിലെ കരുണാലയം വൃദ്ധസദനത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് , ഇലക്ട്രൽ ലിറ്ററസി ക്ലബ് ഗവ. കോളജ് മാനന്തവാടി, മാനന്തവാടി താലൂക്ക് തെരഞ്ഞെടുപ്പ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കലും തെരഞ്ഞെടുപ്പ് ബോധവത്കരണ ക്ലാസും നടത്തി.
കുടുംബശ്രീ ജില്ലാ ക്യാന്പിൽ ജില്ലയിലെ നഗര സിഡിഎസ് ചെയർപേഴ്സണ്‍മാർക്കും ഉപസമിതി കണ്‍വീനർമാർക്കും വോട്ടിംഗ് യന്ത്രങ്ങൾ പരിചയപ്പെടുത്തുകയും വോട്ടിംഗ് സുതാര്യത സംബന്ധിച്ച അവബോധം നൽകുകയും ചെയ്തു.
സ്വീപ് കോഡിനേറ്ററും ഡെപ്യൂട്ടി കളക്ടറുമായ കെ. ദേവകി, ബത്തേരി തഹസിൽദാർ വി.കെ. ഷാജി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസിൽദാർ സി.എ. യേശുദാസ്, ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോർഡിനേറ്റർ എസ്. രാജേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.