കര്‍ണാടകയില്‍ നിന്നു ചോളത്തണ്ട് കൊണ്ടുവരുന്നതിന് വിലക്ക്: എല്‍ഡിഎഫ് മാര്‍ച്ച് നടത്തി
1376225
Wednesday, December 6, 2023 7:37 AM IST
സുല്‍ത്താന്‍ ബത്തേരി: കാലിത്തീറ്റയായ ചോളത്തണ്ട് കേരളത്തിലേക്ക് കടത്തുന്നതു തടഞ്ഞ് കര്‍ണാടക പുറപ്പെടുവിച്ച ഉത്തരവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തി.
ദേശീയപാത 766ലെ പൊന്‍കുഴിയില്‍ ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിനു ക്ഷീര കര്‍ഷകര്‍ അണിനിരന്നു. മാര്‍ച്ച് കര്‍ണാടകയിലെ മൂലഹള്ളയില്‍ പ്രവേശിക്കുന്നതിനു മുമ്പ് കേരള പോലീസ് തടഞ്ഞു. തുടര്‍ന്നു ചേര്‍ന്ന യോഗം എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജന് ഉദ്ഘാടനം ചെയ്തു. കര്‍ണാടക നിലപാട് കര്‍ഷകവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ചോളത്തണ്ട് കൊണ്ടുവരുന്നത് തടഞ്ഞത് കാലിത്തീറ്റ ഉത്പാദന രംഗത്തെ കുത്തകകളെ സഹായിക്കാനാണ്. ഉത്തരവ് പിന്‍വലിക്കാന്‍ കര്‍ണാടക തയാറാകണം. രാഹുല്‍ഗാന്ധി എംപി ജനങ്ങളോടുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നും ജയരാജന് ആവശ്യപ്പെട്ടു.സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, കേരള കോണ്‍ഗ്രസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, നേതാക്കളായ സി.എം. ശിവരാമൻ, കുര്യക്കോസ് മുള്ളന്മട, ടി. ശശികുമാർ, മുഹമ്മദ് പഞ്ചാര, കെ.കെ. ഹംസ, പി.എം. ജോയി എന്നിവര്‍ പ്രസംഗിച്ചു.
വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഹുല്‍ഗാന്ധി പരാജയം: ഇ.പി. ജയരാജന്
സുല്‍ത്താന്‍ ബത്തേരി: വയനാടിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ രാഹുല്‍ഗാന്ധി എംപി പരാജയപ്പെട്ടെന്ന് എല്‍ഡിഎഫ് സംസ്ഥാന കണ്‍വീനര്‍ ഇ.പി. ജയരാജൻ. കര്‍ണാടക അതിര്‍ത്തിയിലെ മൂലഹള്ളയ്ക്കു സമീപം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിന്റെ വികസന വിഷയങ്ങളില്‍ എംപി ഇടപെടുന്നില്ല. ഇത് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കണം. ദേശീയപാത 766ലെ ബന്ദിപ്പുര ഭാഗത്ത് വര്‍ഷങ്ങളായി തുടരുന്ന രാത്രിയാത്ര നിയന്ത്രണം നീക്കാന്‍ എംപിയുടെ ഭാഗത്ത് ശ്രമം ഉണ്ടാകുന്നില്ല.കോര്‍പറേറ്റ് വര്‍ഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മതേതരത്വവും ജനാധിപത്യവും കാത്തുസൂക്ഷിക്കാനും സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹാരിക്കാനും കേന്ദ്രസര്‍ക്കാരിനെതിരായ വികാരം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കണം.
ഇതിനായി വിശാല ഐക്യം രൂപപ്പെടുത്തുന്നതിനു വേണ്ടരീതിയില്‍ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയെ തനിച്ചുനേരിടാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ല. കര്‍ണാടകയില്‍ ബിജെപി വിരുദ്ധ തരംഗമാണ് ഉണ്ടായത്. കോണ്‍ഗ്രസിനോടുള്ള താത്പര്യമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. സംഘ് പരിവാറിനെ പ്രതിരോധിക്കാനുള്ള ശക്തവും വ്യക്തവുമായ നിലപാട് സ്വീകരിക്കാത്തത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുകയാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസ് പരാജയപ്പെടുത്തിയത് ബിജെപിയെ അല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി എവിടെ മത്സരിക്കണമെന്നത് എല്‍ഡിഎഫ് അല്ല തീരുമാനിക്കുന്നതെന്നും ജയരാജന് പറഞ്ഞു.