സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരായ പോരാട്ടം തുടരും: രാഹുൽ മാങ്കൂട്ടത്തിൽ
1376224
Wednesday, December 6, 2023 7:37 AM IST
കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ വെല്ലുവിളിച്ചാൽ നല്ലരീതിയിൽ അതേറ്റെടുക്കാൻ കഴിയുന്ന പ്രസ്ഥാനമാണ് യൂത്ത്കോണ്ഗ്രസെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.
നവകേരള സദസിനെതിരേ പ്രത്യക്ഷസമരത്തിലേക്ക് പോകാൻ യൂത്ത്കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. യൂത്ത്കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അമൽജോയി, സഹഭാരവാഹികൾ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങ് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
യുഡിഎഫിന്റെ വിചാരണസദസുമായി മുന്നോട്ടുപോകുന്പോൾ യാതൊരുപ്രകോപനവുമില്ലാതെയാണ് കല്യാശേരിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ വച്ചത്.
അതിനെതിരേയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇപ്പോൾ യൂത്ത്കോണ്‍ഗ്രസിന്റെ കരിങ്കൊടി കാണാതെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയായി. രാഹുൽഗാന്ധിയുടെ മണ്ഡലമെന്ന നിലയിൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വയനാട്.
അതുകൊണ്ട് തന്നെ ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹവും താൽപര്യവും അനുസരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ജില്ലാകമ്മിറ്റിയാണ് നിലവിൽ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് ജനാധിപത്യ, ഭരണഘടനാവിരുദ്ധ നിലപാടുകൾക്കെതിരേയും, സംസ്ഥാന സർക്കാരിന്റെ എല്ലാ കൊള്ളരുതായ്മകൾക്കുമെതിരേ തെരുവിൽ ആദ്യം സമരത്തിനിറങ്ങുന്ന പ്രസ്ഥാനം യൂത്ത്കോണ്ഗ്രസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാർ, കെപിസിസി എക്സിക്യുട്ടീവ് അംഗം കെ.എൽ. പൗലോസ്, കെപിസിസി അംഗങ്ങളായ പി.പി. ആലി, കെ.ഇ. വിനയൻ, യുഡിഎഫ് ജില്ലാകണ്‍വീനർ കെ.കെ. വിശ്വനാഥൻ, അമൽജോയി തുടങ്ങിയവർ പ്രസംഗിച്ചു.