കത്തോലിക്കാ കോണ്ഗ്രസ് കർഷക അതിജീവന യാത്രയ്ക്ക് സ്വീകരണം നൽകും
1376216
Wednesday, December 6, 2023 7:36 AM IST
കൽപ്പറ്റ: കത്തോലിക്കാ കോണ്ഗ്രസ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്ന 13ന് ആരംഭിച്ച് 22ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ധർണയോടെ സമാപിക്കുന്ന കർഷക അതിജീവന യാത്രയ്ക്ക് കൽപ്പറ്റയിൽ സ്വീകരണം നൽകും.
വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, റബർ നെല്ല് നാളികേരം തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, ജസ്റ്റിസ് കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക എന്നീ മൂന്നിന ആവശ്യങ്ങൾ ഉന്നയിച്ചു നടത്തുന്ന യാത്രയ്ക്ക് ഗ്ലോബൽ പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ അഡ്വ. ബിജു പറയനിലം നേതൃത്വം നൽകും.
13ന് വൈകുന്നേരം 3.30ന് കൽപ്പറ്റയിൽ നടക്കുന്ന സ്വീകരണയോഗം കൽപ്പറ്റ ഫൊറോന വികാരി ഫാ. മാത്യു പെരിയപ്പുറം ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സെക്രട്ടറി രാജീവ് കൊച്ചുപുരയ്ക്കൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആശയ അവതരണം നടത്തും.
കൽപ്പറ്റ മേഖല ഡയറക്ടർ ഫാ. സണ്ണി കൊല്ലാർതോട്ടം മുഖ്യപ്രഭാഷണം നടത്തും. മേഖല പ്രസിഡന്റ് സജി ഫിലിപ്പ് അധ്യക്ഷത വഹിക്കും. പരിപാടിയുടെ വിജയത്തിനായി മേഖലാ സെക്രട്ടറി കെ.സി. ജോണ്സണ്, വൈസ് പ്രസിഡന്റ് റാണി മറ്റത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു.