വെള്ളമുണ്ട-തോട്ടോളിപ്പടി റോഡിന്റെ നിർമാണം വേഗത്തിലാക്കാൻ നിർദേശം
1376211
Wednesday, December 6, 2023 7:36 AM IST
കൽപ്പറ്റ: വെള്ളമുണ്ട-മൊതക്കര-തോട്ടോളിപ്പടി റോഡിന്റെ നിർമാണം ഏത്രയും വേഗം പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയതായി പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനിയർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
റോഡ് പ്രവൃത്തി മന്ദഗതിയിലാണെന്ന് ആരോപിച്ച് വെള്ളമുണ്ട സ്വദേശി ഷാഹുൽ ഹമീദ് നൽകിയ പരാതിയിൽ കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഈ വിവരം. റോഡ് നിർമാണം ആരംഭിക്കാൻ കാലതാമസം ഉണ്ടായെന്ന ആരോപണം ശരിയാണ്. ചീഫ് ടെക്നിക്കൽ എക്സാമിനറുടെ ക്ലിയറൻസ് ലഭിക്കാൻ വൈകി.
10 മീറ്റർ വീതിയിൽ സ്ഥലം ലഭ്യമാക്കിയെന്ന് പരാതിക്കാരൻ അവകാശപ്പെടുന്നുവെങ്കിലും അതിലുള്ള സ്വകാര്യ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള പൂർണമായി നീക്കിയിട്ടില്ല. 11 കലുങ്കുകൾ, സംരക്ഷണ ഭിത്തി, കോണ്ക്രീറ്റ് ഓവുചാലുകൾ എന്നിവയുടെ പ്രവൃത്തി പൂർത്തിയായി. ഇവയുടെ ഗുണനിലവാര പരിശോധന നടത്തിയതായും കമ്മീഷനെ എൻജിനിയർ അറിയിച്ചു.