ബത്തേരി നഗരസഭ ജനകീയ ആസ്ഥാനമായി മാറും: സ്പീക്കർ എ.എൻ. ഷംസീർ
1376041
Tuesday, December 5, 2023 7:07 AM IST
സുൽത്താൻ ബത്തേരി: നൂതന പദ്ധതികളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്ന ബത്തേരി നഗരസഭയ്ക്ക് ജനകീയ ആസ്ഥാനമായി മാറാൻ കഴിയുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
ബത്തേരി നഗരസഭ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കാനും ജനങ്ങൾക്ക് വളരെ വേഗം സേവനം നൽകാൻ കഴിയുന്ന കാര്യാലയമായി മാറാൻ നഗരസഭകൾക്ക് കഴിയണം. ഒട്ടേറെ മാതൃകാ പദ്ധതികൾ സുൽത്താൻ ബത്തേരി നഗരസഭയെ വേറിട്ടതാക്കുന്നുണ്ട്.
ക്ലീൻ സിറ്റി, ഗ്രീൻ സിറ്റി, ഫ്ളവർ സിറ്റി എന്നിങ്ങനെ നിരവധി പദ്ധതികൾ വിജയകരമായി നടപ്പാക്കി. ഹാപ്പിനസ് ഇൻഡക്സ് വർധിപ്പിക്കുന്നതിനായി ഹാപ്പി ഹാപ്പി ബത്തേരി എന്ന ആശയവും നടപ്പാക്കി. കുട്ടികൾ മുതൽ മുതിർന്നവരെയുമുള്ളവർക്കായും ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നു. ഇതെല്ലാം മറ്റുള്ളവർക്കും മാതൃകയാണ്. പുതിയ കെട്ടിടവും മുന്നോട്ടുള്ള ചുവടുവെപ്പുകൾക്ക് ഊർജ്ജം പകരുമെന്നും സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭയുടെ മികച്ച പ്രവർത്തനത്തിനായി ലഭിച്ച ഐഎസ്ഒ സർട്ടിഫിക്കേഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരസഭയിൽ പുതുതായി തുടങ്ങിയ കഫെ നഗരസഭ ഡെപ്യൂട്ടി ചെയർ പേഴ്സണ്‍ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു.
ഹാപ്പി ഹാപ്പി ബത്തേരിയുടെ ലോഗോ ഡിസൈനർ ഷാലു നക്ഷത്രയെയും പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനായി പ്രവർത്തിച്ചവരെയും ചടങ്ങിൽ ആദരിച്ചു. ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ. റഷീദ്, പി.എസ്. ലിഷ, ഷാമില ജുനൈസ്, ടോം ജോസ്, സി.കെ. സഹദേവൻ, സാലി പൗലോസ്, നഗരസഭാ കൗണ്‍സിലർമാരായ കെ.സി. യോഹന്നാൻ, രാധാ രവീന്ദ്രൻ, സി.കെ. ആരിഫ്, നഗരസഭ സീനിയർ സെക്രട്ടറി കെ.എം. സൈനുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
വയോജനങ്ങൾക്ക് സൗജന്യമായി ചായയും കടിയും
സുൽത്താൻ ബത്തേരി: ഓഫീസ് കാര്യങ്ങൾക്കായി നഗരസഭയിലെത്തുന്ന വയോജനങ്ങൾക്ക് സൗജന്യമായി ഇനി ചായയും കടിയും കഴിക്കാം. നഗരസഭയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് പുതിയ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചത്.
നഗരസഭ കാര്യാലയത്തിലെത്തുന്ന 60 വയസിന് മുകളിൽ പ്രായമുള്ളവരെയാണ് ഇതിനായി പരിഗണിക്കുക. പുതിയതായി നടപ്പാക്കുന്ന ഹാപ്പി ഹാപ്പി ബത്തേരിയുടെ ഭാഗമായി തുടങ്ങിയ കഫേയിൽ നിന്നാണ് ഈ സൗജന്യം. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും 5.6 ലക്ഷം രൂപ ചെലവഴിച്ചാണ് കഫെ നിർമിച്ചത്. കുടുംബശ്രീയുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായുളള കഫേയിൽ കുടുംബശ്രീയിൽ നിന്നും പരിശീലനം ലഭിച്ചവരെയാണ് നിയമിച്ചിട്ടുള്ളത്.