ജില്ലയിൽ ക്രിസ്തുമസ് വിപണി സജീവമാകുന്നു
1376040
Tuesday, December 5, 2023 7:07 AM IST
പുൽപ്പള്ളി: ഡിസംബർ ആരംഭിച്ചതോടെ പുൽപ്പള്ളി മേഖലയിൽ ക്രിസ്തുമസ് വിപണി സജീവമായി. നക്ഷത്രങ്ങൾ, ക്രിസ്തുമസ് ട്രീ, പുൽക്കൂട് എന്നിങ്ങനെ ക്രിസ്തുമസുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്കാവശ്യമായ എല്ലാവിധ സാധനസാമഗ്രികളും വിപണിയിൽ എത്തിക്കഴിഞ്ഞു.
നക്ഷത്രങ്ങളാണ് മുൻവർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും വിപണിയിലെ താരങ്ങൾ. എൽഇഡി, പേപ്പർ നക്ഷത്രങ്ങൾ ഉൾപ്പെടെ പുതിയ മോഡലുകളടക്കം ഇത്തവണ വിപണിയിലെത്തികഴിഞ്ഞു. 150 രൂപ മുതൽ 2000 രൂപ വരെയുള്ള നക്ഷത്രങ്ങളാണ് ഇത്തവണ വിപണിയിൽ.
ഇതോടൊപ്പം തന്നെ പുൽക്കൂട് ഒരുക്കുന്നതിനും വീട് അലങ്കരിക്കുന്നതിനുമുള്ള രൂപങ്ങൾ, ക്രിസ്മസ് ട്രീ, അലങ്കാരവസ്തുക്കൾ, എൽഇഡി കളർ ബൾബുകൾ, തോരണങ്ങൾ എന്നിങ്ങനെ സാധനസാമഗ്രികളും പുതിയ രൂപത്തിൽ വിപണിയിലെത്തിയിട്ടുണ്ട്.
മുൻവർഷങ്ങളെ അപേക്ഷിച്ച് ക്രിസ്മസ് വിപണിയിൽ നല്ല കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഒരിക്കൽ എൽഇഡി നക്ഷത്രങ്ങൾ വാങ്ങുന്നവർക്ക് കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഉപയോഗിക്കാനാവും. ഇത് കച്ചവടത്തെ ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും നക്ഷത്രങ്ങളും പുൽക്കൂടുകളും തയാറാക്കാൻ ആരംഭിക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് ഒട്ടുമിക്ക വ്യാപാരികളും പറയുന്നത്.
മാനന്തവാടി: ക്രിസ്മസിനെ വരവേൽക്കാൻ നാട്ടിടങ്ങളിൽ നക്ഷത്ര വിളക്കുകൾ മിഴിതുറന്നു. കടകളിലും വീടുകളിലും പ്രകാശം പരത്തി വിവിധ രൂപങ്ങളിൽ നക്ഷത്രങ്ങൾ നിറഞ്ഞു. ഇതോടെ നക്ഷത്ര വിപണി സജീവമായി. വ്യത്യസ്ഥ നിറങ്ങളിലുള്ള എൽഇഡി ബൾബുകൾ കൊണ്ടുള്ള കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റ് സിനിമയുടെ പേരിൽ ഇറങ്ങിയ ആർഡിഎക്സ്, ജയിലർ തുടങ്ങി മിശമാധവൻ വരെയാണ് ഈ വർഷം നക്ഷത്ര വിപണിയിലെ താരങ്ങൾ. ബോച്ചേ എന്ന പേരിൽ കഴിഞ്ഞ വർഷമിറങ്ങിയ നക്ഷത്രത്തിനും ഈ വർഷം ആവശ്യക്കാർ ഏറെയുണ്ട്. ഈ വർഷം എൽഇഡി നക്ഷത്രങ്ങളുടെ വില 350 രൂപയിലാണ് തുടങ്ങുന്നത്. പള്ളികളും ഭീമൻ നക്ഷത്രങ്ങൾ സ്ഥാപിച്ച് ക്രിസ്തുമസിനെ വരവേൽക്കാൻ ഒരുങ്ങി. വലിയ രീതിയിൽ കച്ചവടം ഇതുവരെ നടന്നിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. ക്രിസ്മസിനോടനുബന്ധിച്ച് കൂടുതൽ നക്ഷത്രങ്ങൾ വിൽപന നടത്താനാകുമെന്ന പ്രതിക്ഷയിലാണ് കച്ചവടക്കാർ. ക്രിസ്മസ് ട്രീ, പുൽക്കൂട്, പുൽക്കൂടൊരുക്കുന്നതിനുള്ള രൂപങ്ങൾ എന്നിവയെല്ലാം വിപണിയിൽ നേരത്തെ തന്നെ എത്തിയിട്ടുണ്ട്.