അനധികൃത നിർമാണം അടിയന്തരമായി പൊളിച്ച് മാറ്റാൻ നിർദേശം
1375803
Monday, December 4, 2023 6:43 AM IST
മാനന്തവാടി: റോഡ് പ്രവർത്തികളുടെ പേരിൽ മാനന്തവാടിയിൽ നടത്തിയ അനധികൃത നിർമാണം അടിയന്തരമായി പൊളിച്ച് മാറ്റാൻ താലൂക്ക് വികസന സമിതി യോഗം നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി.
പാർക്കിംഗ് സൗകര്യമില്ലാതെ നട്ടംതിരിയുന്ന മാനന്തവാടിയിലാണ് നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും അനധികൃത നിർമാണം നടത്തിയത്. മാനന്തവാടി ഗാന്ധിപാർക്കിലുള്ള മൂന്നു മുറികളുടെ മുൻവശത്തുള്ള ചെറിയ ഭാഗം മലയോര ഹൈവേയ്ക്കുള്ള റോഡിനു വീതി കൂട്ടുന്പോൾ വിട്ടുനൽകിയിരുന്നു. ഇങ്ങനെ വിട്ടുനൽകുന്പോൾ പഴയ കെട്ടിടം നിലനിർത്തി മുൻവശത്തുമാത്രം അറ്റകുറ്റപ്പണിയെടുത്ത് വ്യാപാരം നടത്തണമെന്നാണ് ചട്ടം.
മാനന്തവാടി നഗരത്തിൽ പലരും ഇങ്ങനെയാണ് ചെയ്തതും. എന്നാൽ ഗാന്ധിപാർക്കിലെ മൂന്നുമുറി കടയുടെ മുൻഭാഗം പൊളിച്ചിടത്ത് ചുമരിന്റെ ചെറിയ ഭാഗംമാത്രം നിലനിർത്തി വലിയ കെട്ടിടത്തിന്റെ നിർമാണമാണ് ആരംഭിച്ചത്. കെട്ടിടത്തിന്റെ പണി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ അധികൃതർ ആദ്യം നോട്ടീസ് നൽകിയെങ്കിലും അത് ചെവിക്കൊള്ളാൻ കെട്ടിടം ഉടമ തയാറായില്ല.
പിന്നീട് പോലീസ് മുഖേന വീണ്ടും നോട്ടീസ് നൽകുകയായിരുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലർമാർ തന്നെ ഭരണസമിതി യോഗത്തിൽ പ്രതിഷേധമറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിൽ നിർമാണം സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പ്രവർത്തികൾ പൊളിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് നിർദേശം നൽകാൻ തീരുമാനിച്ചത്.
മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ താഹസിൽദാർ എം.ജെ. അഗസ്റ്റിൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.