വയനാട് റെയിൽവേ: പുതിയ നിർദേശവുമായി കബനി തീര റെയിൽവേ കർമ സമിതി
1375797
Monday, December 4, 2023 6:43 AM IST
പുൽപ്പള്ളി: പാരിസ്ഥിതിക അനുമതിയുടെയും സാങ്കേതിക തടസങ്ങളുടെയും പേരിൽ നഞ്ചൻഗോഡ്-നിലന്പൂർ, തലശേരി-മൈസൂരു റെയിൽ പദ്ധതികൾ അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ പുതിയ നിർദേശവുമായി കബനി തീര റെയിൽവേ കർമ സമിതി. നഞ്ചൻഗോഡ്-എൻബേഗൂർ-ജക്കള്ളി-കൊളവള്ളി-പുൽപ്പള്ളി-ബത്തേരി-നിലന്പൂർ ലൈൻ ആണ് സമിതി നിർദേശിക്കുന്നത്.
കേവലം നാല് കിലോമീറ്റർ മാത്രം വനത്തിലൂടെ കടന്നുപോകുന്ന ഈ ലൈനിന്റെ സാധ്യത പരിശോധിക്കണമെന്ന് കർമസമിതി ചെയർമാൻ ഇ.എ. ശങ്കരൻ, വി.ടി. തോമസ്, എം.എം. വർഗീസ്, ഷിനോ, ജയിംസ് മാപ്പനാത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടു. ഈ റെയിൽ പദ്ധതിക്ക് 13 ഹെക്ടർ വനഭൂമിയാണ് ഉപയോഗപ്പെടുത്തേണ്ടിവരിക.
ബത്തേരിയിൽനിന്നു മാനന്തവാടി വഴി തലശേരിക്ക് പാത ദീർഘിപ്പിക്കാനാകും. പദ്ധതി നിർദേശം കേന്ദ്ര, കേരള, കർണാടക സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് രാഹുൽഗാന്ധി എംപി ഉറപ്പുനൽകിയതായും കർമസമിതി ഭാരവാഹികൾ പറഞ്ഞു.