പാരന്പര്യ നെൽവിത്തിനങ്ങൾ സംരക്ഷിച്ച് ശ്രദ്ധേയരായി ജെഎൽജി
1375795
Monday, December 4, 2023 6:43 AM IST
മാനന്തവാടി: പാരന്പര്യ നെൽവിത്തിനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ 230 നെൽവിത്തുകൾ നട്ട് സംരക്ഷിച്ച് ശ്രദ്ധേയരാവുകയാണ് തിരുനെല്ലിപഞ്ചായത്തിലെ ചിത്തിര സംയുക്ത ബാധ്യതാ സംഘം. അടുമാരി പാടശേഖരത്തിലാണ് ഒരേക്കർ സ്ഥലത്ത് കുടുബശ്രീ കൂട്ടായ കൃഷിയിറക്കിയത്.
ഞവര, പാൽ തൊണ്ടി, വലിച്ചൂരി കുള്ളൻ, ബ്ലാക്ക് പാഡി, രക്തശാലി, ഗന്ധകശാല, ജീരകശാല, കാക്കിശാല തുടങ്ങിവയും പത്തോളം സംസ്ഥാനങ്ങളിൽ നിന്നു ശേഖരിച്ച നെൽവിത്തിനങ്ങളുമാണ് ആദ്യ ഘട്ടത്തിൽ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിൽ ഉൾപ്പെട്ട ചിത്തിര ജെഎൽജി അംഗങ്ങൾ കൃഷിയിറക്കിയത്.
ഈ വർഷം കൃഷിയിറക്കിയ വിത്ത് അടുത്തവർഷം കൂടുതൽ സ്ഥലത്ത് നടുവാനും ഇവർ ലക്ഷ്യമിടുന്നു. വംശനാശം വന്നുകൊണ്ടിരിക്കുന്ന പാരന്പര്യ നെല്ലിനങ്ങൾ നട്ടുവളർത്തുകയും അത് പൊതു സമൂഹത്തിന് പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് നെല്ലിനങ്ങൾ തയാറായിരിക്കുന്നതെന്ന് എഡിഎംസി റജീന പറഞ്ഞു.
തികച്ചും ജൈവരീതിയിൽ കൃഷിയിറക്കിയ പാരന്പര്യ നെൽവിത്തിനങ്ങൾ പൊതുജനത്തിന് പരിചയപ്പെടാൻ പ്രദർശനത്തിന് ഒരുങ്ങുകയാണ് ചിത്തിര കുടുംബശ്രീ.