എൽഡിഎഫ് മാർച്ച് നടത്തേണ്ടത് ക്ഷീര വികസന വകുപ്പിനെതിരേ: എൻ.ഡി. അപ്പച്ചൻ
1375793
Monday, December 4, 2023 6:43 AM IST
കൽപ്പറ്റ: ചോളത്തണ്ട് നൽകുന്നില്ലെന്ന് ആരോപിച്ച് എൽഡിഎഫ് മാർച്ച് നടത്തേണ്ടത് കർണാടകയിലേക്കല്ലെന്നും ക്ഷീരവികസന വകുപ്പിന്റെ ഓഫീസുകളിലേക്കും സംസ്ഥാന സർക്കാരിനുമെതിരെയാണെന്നും ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
കർണാടകയിലെ ആയിരക്കണക്കിന് മലയാളി കർഷകർക്ക് ദോഷം ചെയ്യുന്ന സമരപരിപാടികൾ എൽഡിഎഫ് ഉപേക്ഷിക്കണം. പകരം സംസ്ഥാനത്തെ ക്ഷീരകർഷകരെ സഹായിക്കാനുള്ള അടിയന്തര പാക്കേജ് നടപ്പാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം.
സംസ്ഥാനത്തെ കാർഷികമേഖല ഉൾപ്പെടെ കടുത്ത പ്രതിസന്ധിയിലായ ഘട്ടത്തിൽ അവരെ പിടിച്ചുനിർത്തിയത് ക്ഷീരമേഖലയാണ്. ക്ഷീരമേഖലയ്ക്ക് ആവശ്യമായ തീറ്റപ്പുല്ല് ഉത്പാദിപ്പിക്കാൻ പോലും സർക്കാരിന്റെ ഭാഗത്ത് നിന്നു നടപടിയുണ്ടാകുന്നില്ല. കർണാടകയിലെ ചോളത്തണ്ട് കൊണ്ടുവരാനുള്ള നിയന്ത്രണം നീക്കുന്നതിനായി രാഹുൽഗാന്ധി എംപിയും കെ.സി. വേണുഗോപാൽ എംപിയും സംസാരിച്ചിട്ടുണ്ട്. എംഎൽഎമാരായ ടി. സിദ്ദിഖും, ഐ.സി. ബാലകൃഷ്ണനും നേരിട്ടു കർണാടകയിൽ അടിയന്തര ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. എന്നാൽ അതൊന്നും കാണാതെ ജനപ്രതിനിധികളെ ആക്ഷേപിക്കുന്ന നിലപാടാണ് എൽഡിഎഫ് നേതാക്കൾ സ്വീകരിക്കുന്നത്. ചോളത്തണ്ടിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിലവധി നിവേദനങ്ങൾ നൽകിയിട്ടും ഇത്രയും ദിവസമായിട്ടും ഒരു നടപടിയും സ്വീകരിക്കാൻ മുഖ്യമന്ത്രിയും ക്ഷീരവികസന വകുപ്പ് മന്ത്രിയും തയാറായിട്ടില്ല.
ക്ഷീരകർഷകരുടെ സബ്സിഡി പോലും വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് ഇവിടെ സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് ഇതിലും കാണാൻ സാധിക്കുന്നത്. ഡിഎ കുടിശിക നൽകണമെന്നാവശ്യപ്പെട്ട് ധനമന്ത്രിയുടെ ഭാര്യ തന്നെ സമരം നടത്തുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. കെടുകാര്യസ്ഥതയും ധൂർത്തും കാരണം സാന്പത്തിക പ്രതിസന്ധി രൂക്ഷമായിട്ടും ഊരുചുറ്റി നടക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ക്ഷീരകർഷകരുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടൽ നടത്തണമെന്നും എൻ.ഡി. അപ്പച്ചൻ ആവശ്യപ്പെട്ടു.