വീട്ടിൽ മാൻകൊന്പ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗതിയിൽ
1375135
Saturday, December 2, 2023 1:14 AM IST
കൽപ്പറ്റ: വീട്ടിൽ മാൻകൊന്പ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗതിയിലാണെന്ന് ബേഗൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ കെ. ബൈജുനാഥിനു റിപ്പോർട്ട് നൽകി.
കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ച് മാനന്തവാടി സ്വദേശിനി ജിഷ നൽകിയ പരാതിയിൽ കമ്മീഷൻ നിർദേശിച്ചതനുസരിച്ചാണ് റേഞ്ച് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചത്. വാടകയ്ക്ക് താമസിച്ചയാളാണ് മാൻകൊന്പ് അലമാരിയിൽ സൂക്ഷിച്ചതെന്ന വീട്ടുടമസ്ഥയുടെ മൊഴിയിൽ വിശദാന്വേഷണം നടന്നുവരികയാണ്.
ഒരു ജോഡി ആനക്കൊന്പും മാൻകൊന്പും വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. കേസിൽ ജിഷയെ പ്രതി ചേർത്തെങ്കിലും അറസ്റ്റുചെയ്തിട്ടില്ല.
വീട് വാടകയ്ക്ക് എടുത്തയാളും താനുമായി തർക്കമുണ്ടായിരുന്നതായും പകരംവീട്ടുമെന്ന് വാടകക്കാരൻ പറഞ്ഞതായും ജിഷ മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.