ജില്ലാ സ്കൂൾ കോത്സവം : മാനന്തവാടി ഉപജില്ല ജേതാക്കൾ
1374983
Friday, December 1, 2023 7:44 AM IST
സുൽത്താൻ ബത്തേരി: 42-ാമത് ജില്ലാ സ്കൂൾ കലോത്സവത്തിൽ 967 പോയിന്റോടെ മാനന്തവാടി ഉപജില്ല ജേതാക്കളായി. 948 പോയിന്റുമായി സുൽത്താൻ ബത്തേരി ഉപജില്ലയാണ് തൊട്ടുപിന്നിൽ. വൈത്തിരി ഉപജില്ല 930 പോയിന്റ് നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനവും സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ സുൽത്താൻ ബത്തേരി ഉപജില്ലയ്ക്കാണ് ഒന്നാം സ്ഥാനം. മാനന്തവാടി ഉപജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹയർ സെക്കൻഡറി വിഭാഗത്തിൽ വൈത്തിരി ഉപജില്ല ഒന്നാം സ്ഥാനവും സുൽത്താൻബത്തേരി ഉപജില്ല രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ തലത്തിൽ മാനന്തവാടി എംജിഎം സ്കൂളിനാണ് കലാകിരീടം. ഹയർ സെക്കൻഡറി തലത്തിൽ കൽപ്പറ്റ എൻഎസ്എസും യുപി തലത്തിൽ കോളിയാടി മാർ ബസേലിയോസ് എയുപിഎസും ജേതാക്കളായി. സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പടിഞ്ഞാറത്തറ ജിഎച്ച്എസ്എസ് ചാന്പ്യൻമാരായി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു.
നാല് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ 3,296 കുട്ടികൾ മാറ്റുരച്ചു. സർവജന വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ്സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പഞ്ചേരി ജിഎൽപി സ്കൂൾ, ഡയറ്റ്, പ്രതീക്ഷ യൂത്ത് സെന്റർ എന്നിവിടങ്ങളിലെ എട്ട് വേദികളിലാണ് മത്സരങ്ങൾ നടന്നത്.
കലോത്സവം കാണാൻ രാഹുൽഗാന്ധി
സുൽത്താൻ ബത്തേരി: ജില്ലാ സ്കൂൾ യുവജനോത്സവം കാണാൻ രാഹുൽഗാന്ധി എംപി എത്തിയത് വിദ്യാർഥികൾക്ക് ആവേശമായി. കലോത്സവത്തിന്റെ മുഖ്യവേദിയായ സർവജന സ്കൂളിലായിരുന്നു എംപിയുടെ അപ്രതീക്ഷിത സന്ദർശനം. ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് മത്സരം നടക്കുകയായിരുന്നു ഈ സമയം വേദി ഒന്നിൽ.
അൽപനേരം ദഫ്മുട്ട് മത്സരം ആസ്വദിച്ചു. പിന്നീട് നേരത്തേ നടന്ന അറബനമുട്ട്, തിരുവാതിര മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. വ്യത്യസ്ത സംസ്കാരങ്ങളെയും ഭാഷകളെയും ഒന്നിപ്പിക്കുന്നതാണ് കലോത്സവങ്ങളെന്ന് എംപി പറഞ്ഞു.