ലോക എയ്ഡ്സ് ദിനം; ജില്ലയിൽ വിപുലമായ പരിപാടികൾ
1374725
Thursday, November 30, 2023 8:13 AM IST
കൽപ്പറ്റ: ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. സമൂഹം നയിക്കട്ടെ എന്ന ഈ വർഷത്തെ എയ്ഡ്സ് ദിനസന്ദേശം ഉൾകൊണ്ട് ഇന്ന് വൈകുന്നേരം കൽപ്പറ്റ ചുങ്കം വിജയാ പന്പിന് സമീപം സ്നേഹദീപം തെളിക്കും.
കൽപ്പറ്റ മുനിസിപ്പൽ ചെയർമാനും സംഘാടകസമിതി ചെയർമാനുമായ കേയംതൊടി മുജീബ് പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫാത്തിമ മാതാ മിഷൻ ആശുപത്രിയിലെ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും. ഡിസംബർ ഒന്നിന് രാവിലെ ഒന്പതിന് കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിക്കുന്ന ബോധവത്കരണ റാലി എസ്കെഎംജെ സ്കൂളിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. രേണുരാജ് മുഖ്യാതിഥിയായിരിക്കും.
ഡിപിഎം ഡോ. സമീഹ സൈതലി എയ്ഡ്സ് ദിനസന്ദേശം നൽകും. തുടർന്ന് കോഴിക്കോട് മനോരഞ്ജൻ ആർട്സിന്റെ തെരുവ് നാടകവും സുംബാ ഡാൻസും അരങ്ങേറും. പനമരം ഗവ. നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ ഫാഷ്മോബും അവതരിപ്പിക്കും. ആരോഗ്യ പ്രവർത്തകർ, എച്ച്ഐവി എയ്ഡ്സുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, എയ്ഡ്സ് സംഘടനാ പ്രതിനിധികൾ, നഴ്സിംഗ് വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുക്കും.
എയ്ഡ്സ് ദിനാചരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ജില്ലാതല സംഘാടക സമിതി യോഗം ചേർന്നു.
കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ കെ.എം. മുജീബ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ്, ഡിപിഎം ഡോ.സമീഹ സൈതലവി, ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ. ഷിജിൻ ജോണ് ആളൂർ, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി തുടങ്ങിയവർ പങ്കെടുത്തു.