നവകേരള സദസ് പ്രഹസനം: ടി. സിദ്ദിഖ് എംഎല്‍എ
1373821
Monday, November 27, 2023 3:20 AM IST
കല്‍പ്പറ്റ: മുഖ്യമന്ത്രിയും മന്ത്രിമാരും കൊട്ടിഘോഷിച്ച് നടത്തുന്ന നവകേരള സദസ് പ്രഹസനമാണെന്നു കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎല്‍എ. ഐഎന്‍ടിയുസി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിനോദസഞ്ചാരയാത്രയാണ് നവകേരള സദസ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു പരാതിപോലും നേരിട്ടു സ്വീകരിക്കുന്നില്ല. നേരത്തേ പ്രഖ്യാപിച്ച വയനാട് പാക്കേജിനെയും തോട്ടം തൊഴിലാളി ഭവനപദ്ധതിയെയുംകുറിച്ച് ഇപ്പോള്‍ മിട്ടാണ്ടമില്ല.
ഗവ.മെഡിക്കല്‍ കോളജിനു അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ടു. തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കുന്നതിനു നടപടിയില്ല. ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്, ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന് തുടങ്ങിയവര്‍ പ്രസംഗിച്ചു.