തീറ്റപ്പുല്ല് കൊണ്ടുവരുന്നതിന് നിരോധനം: കർഷകർ ആശങ്കയിൽ
1373820
Monday, November 27, 2023 3:20 AM IST
മാനന്തവാടി: കർണാടകയിൽ നിന്നും കേരളത്തിലേക്ക് തീറ്റപ്പുല്ല് (ചോളത്തണ്ട്) കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി. ചാമരാജ് ജില്ല ഡെപ്യൂട്ടി കമ്മിഷണർ സി.ടി. ശില്പനാഗാണ് നിരോധനത്തിന് ഉത്തരവിട്ടത്. കർണാടകയിൽ മഴ കുറഞ്ഞതും കാലാവസ്ഥാ വ്യതിയാനവുമാണ് നിരോധനത്തിന്റെ പ്രധാന കാരണം. ഇതോടെ ജില്ലയിലെ ക്ഷീര കർഷകർ ദുരിതത്തിലായി.
ജില്ലയിൽനിന്നടക്കം സംസ്ഥാനത്തെ ആയിരക്കണക്കിന് ക്ഷീരകർഷകരാണ് കർണാടകയിൽ നിന്നുള്ള തീറ്റപ്പുല്ലിനെ ആശ്രയിച്ചിരുന്നത്. ക്ഷീരോത്പാദക സംഘങ്ങൾ സബ്സിഡി നിരക്കിൽ ആയിരുന്നു ഇവിടെ നിന്നും എത്തിച്ച തീറ്റപ്പുല്ല്, കച്ചി തുടങ്ങിയവ ക്ഷീരകർഷകർക്ക് വിതരണം ചെയ്തിരുന്നത്. ചെറുകിട ഫാം കർഷകരും ഇവിടെ നിന്നും തീറ്റപ്പുല്ല് എത്തിക്കുമായിരുന്നു.
നൂറുകണക്കിന് ടാക്സി വാഹനങ്ങളിലാണ് കേരളത്തിലേക്ക് പുല്ല് എത്തിച്ചിരുന്നത്. ലോണെടുത്ത് വാഹനം വാങ്ങിയ ഇവരിൽ പലരും ഇപ്പോൾ ദുരിതത്തിലാണ്. ക്ഷീരമേഖലയിലെ ചെറുകിടക്കാരായ 80 ശതമാനം കർഷകരും പ്രതിസന്ധിയിലാണ്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കളക്ടർ തലത്തിൽ ചർച്ച നടത്തി പ്രശ്ന പരിഹാരം ഉണ്ടാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഐ.സി. ബാലകൃഷണൻ എംഎൽഎ നിവേദനം നൽകി
പുൽപ്പള്ളി: കാലിത്തീറ്റ ആവശ്യത്തിനായി എത്തിച്ചിരുന്ന ചോളത്തണ്ട് കർണാടകയിൽ നിന്ന കൊണ്ടുവരുന്നത് സർക്കാർ നിരോധിച്ചതിനെ തുടർന്ന് പ്രശ്നപരിഹാരം ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷണൻ ഗുണ്ടൽപ്പേട്ട് എംഎൽഎ ഗണേഷ് പ്രസാദിനെ നേരിൽ കണ്ട് നിവേദനം നൽകി. വയനാട്ടിലെ കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള നിവേദനം ചാമരാജ് നഗർ കളക്ടർക്കും കൈമാറി.

രണ്ട് ദിവസത്തിനുള്ളിൽ ചോളത്തണ്ട് വിതരണം പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ചെയ്യാമെന്ന് ഗുണ്ടൽപ്പേട്ട് എംഎൽഎ ഉറപ്പ് നൽകിയതായി ഐ.സി. ബാലകൃഷണൻ എംഎൽഎ പറഞ്ഞു.