അച്ചാമ്മയും മകനും ഷെഡ്ഡിൽ കഴിഞ്ഞതു മതി; കെഎസ്എസിപിയു വീട് നിർമിച്ചുനൽകും
1373819
Monday, November 27, 2023 3:20 AM IST
മാനന്തവാടി: എടവക പഞ്ചായത്തിലെ പൈങ്ങാട്ടിരി അന്പലവയലിലുള്ള ചക്കുകുടിയിൽ അച്ചാമ്മയ്ക്കും മകൻ റോയിക്കുമായി വീട് നിർമിച്ചുനൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. 72കാരിയാണ് അച്ചാമ്മ. 45 വയസു പിന്നിട്ട റോയി മാനസിക വെല്ലുവിളി നേരിടുന്നയാളാണ്.
കാലപ്പഴക്കത്തിൽ വീടു തകർന്നതിനെത്തുടർന്ന് ഷെഡ്ഡ് കെട്ടിയാണ് അച്ചാമ്മയും മകനും താമസിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടാണ് ഭവന നിർമാണത്തിനു യൂണിയൻ തീരുമാനിച്ചത്. അഞ്ചര ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന വീടിന്റെ പണി ജനുവരിയോടെ പൂർത്തിയാക്കും.
അന്പലവയലിൽ ചേർന്ന യോഗത്തിൽ ഭവന നിർമാണ കമ്മിറ്റി രൂപീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി എസ്.സി. ജോണ്, ജില്ലാ പ്രസിഡന്റ് എം. ചന്ദ്രൻ, ട്രഷറർ കെ.ആർ. സദാനന്ദൻ, വാർഡ് മെംബർ സി.സി. സുജാത, കഐസ്എസ്പിയു ബ്ലോക്ക് പ്രസിഡന്റ് കെ.ജെ. ലൂയിസ് എന്നിവർ പ്രസംഗിച്ചു.