ജില്ലാ സ്കൂൾ കലോത്സവത്തിന് ബത്തേരിയിൽ ഇന്ന് തിരിതെളിയും
1373815
Monday, November 27, 2023 3:20 AM IST
സുൽത്താൻ ബത്തേരി: 42-ാമത് വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ബത്തേരിയിൽ ഇന്ന് തിരിതെളിയും. കൗമാര കലാമേള നടത്താനുള്ള വേദികൾ സർവ്വജന സ്കൂൾ, ഡയറ്റ്, പ്രതീക്ഷ, സെന്റ്ജോസഫ്സ്, കൈപ്പഞ്ചേരി ഗവ. എൽ പി സ്കൂൾ എന്നിവിടങ്ങളിൽ തയ്യാറായി. എട്ടു വേദികളാണ് മേളയ്ക്കുണ്ടാകുക. സർവ്വജന സ്കൂൾ ഗ്രൗണ്ടാണ് മുഖ്യവേദി.
വേദി രണ്ട് സ്കൂൾ ഓഡിറ്റോറിയവുമാണ്. വേദി എട്ട് സർവ്വജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ക്ലാസ് റൂമുമാണ്. വേദി മൂന്ന് സെന്റ്ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയം, നാലും ഏഴും വേദികൾ ഡയറ്റിലെ ഓഡിറ്റോറിയവും എഡ്യൂസാറ്റ് ഹാളുമാണ്. അഞ്ചാം വേദി കൈപ്പഞ്ചേരി ഗവ. എൽ പി സ്കൂളും ആറാം വേദി പ്രതീക്ഷ യൂത്ത് സെന്ററിലുമാണ് ഒരുക്കിയിരിക്കുന്നത്.
കലോത്സവത്തിൽ സ്റ്റേജിതര മത്സരങ്ങൾ നാളെയും സ്റ്റേജ്മത്സരങ്ങൾ നാളെയും തുടങ്ങും. സർവ്വജന സ്കൂളിലെ പത്ത് ക്ലാസ് മുറികളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ചിത്രരചന, കാർട്ടൂൺ, എണ്ണഛായം, കൊളാഷ്, കഥാരചന, ഉപന്യാസ രചന, ക്വിസ്, നിഘണ്ടുനിർമാണം, ക്യാപ്ഷൻ രചന, തർജ്ജമ, പോസ്റ്റർ രചന, പദപ്പയറ്റ്, പദകേളി, പ്രശ്നോത്തരി, സമസ്യാപൂരണം എന്നിവയാണ് നടക്കുക.
നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേളയിൽ 926 ഇനങ്ങളിലായി 3290 മത്സരാർഥികളാണ് പങ്കെടുക്കുക. അധ്യാപകരും രക്ഷിതാക്കളും ഓഫീഷ്യൽസുമടക്കും നാല് ദിവസങ്ങളിലായി കാൽ ലക്ഷത്തോളം പേർ കലോത്സവ നഗരിയിലേക്ക് എത്തുമെന്നാണ് നിഗമനം. ആദ്യദിനം ആയിരം പേർക്കും തുടർന്നുള്ള ദിവസങ്ങളിൽ ശരാശരി അയ്യായിരം പേർക്കും ഭക്ഷണം ഒരുക്കും.
കലാമേള നാളെ വൈകുന്നേരം അഞ്ചിന് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുക്കും. സമാപന സമ്മേളനം 30ന് വൈകുന്നേരം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും.