വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്ത മേഖലകളായി പ്രഖ്യാപിക്കുന്നു
1373606
Sunday, November 26, 2023 8:04 AM IST
കൽപ്പറ്റ: മാലിന്യമുക്ത നവകേരളം കാന്പയിനിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ ഡിസംബറിൽ മാലിന്യമുക്ത മേഖലകളായി പ്രഖ്യാപിക്കും. മാലിന്യമുക്ത നവകേരളം കാന്പയിനിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ സീറോ വേസ്റ്റ് സോണുകളായി മാറ്റുന്നത്.
പൂർണമായും മാലിന്യമുക്തമാക്കാനുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക വൈകാതെ തയാറാക്കും. സീറോ വേസ്റ്റ് സോണ്‍ പ്രഖ്യാപനത്തിന് മുന്നോടിയായി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാലിന്യ നിർമാർജനം പൂർത്തിയാക്കും.
തുടർപ്രവർത്തനങ്ങളും പരിപാലനവും ഉറപ്പുവരുത്തും. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ, തദ്ദേശഭരണ വകുപ്പ്, ടൂറിസം വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുന്നത്.
ശുചിത്വമിഷനും നവകേരളം മിഷനുമാണ് ഏകോപന ചുമതല. വിനോദസഞ്ചാര കേന്ദ്രങ്ങൾ മോടികൂട്ടി സഞ്ചാരികളെ ആകർഷിക്കുന്നതിനു പ്രവർത്തനം വിവിധ ഇടങ്ങളിൽ പുരോഗമിക്കുകയാണ്.