ജീവിതമൂല്യങ്ങൾ തിരിച്ചുപിടിക്കാൻ തിരുനാളുകൾ സഹായകമാകണം: ഡോ. ഗീവർഗീസ് മാർ ബാർണബാസ്
1373604
Sunday, November 26, 2023 8:04 AM IST
മാനന്തവാടി: ജീവിതത്തോട് ചേർന്ന് പോകുന്ന സനാതന മൂല്യങ്ങളെ ഹൃദയത്തോട് ചേർത്തു വയ്ക്കാനും അത് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഓർത്ത് നിലവിളിക്കാനും തിരിച്ചെടുക്കാനുള്ള ശക്തി ആർജിച്ചെടുക്കാനുമാണ് വിശുദ്ധന്റെ അടുത്ത് മധ്യസ്ഥതക്ക് വരുന്നതെന്ന് ഡോ. ഗീവർഗീസ് മാർ ബാർണബാസ് മെത്രാപ്പോലീത്ത.
പരുമല നഗർ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ തിരുനാളിനോടനുബന്ധിച്ച് നിർമിച്ച കുരിശടി കൂദാശ ചെയ്ത ശേഷം സന്ധ്യാ പ്രാർത്ഥനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു നൂറ്റാണ്ട് മുന്പ് സഭാ വിശ്വാസികളിലെ അസാൻമാർഗിക ജീവിതത്തെയും ഭക്തിയിലെ കാപട്യത്തെയും തിരുത്തിയ നല്ല ഇടയ ശുശ്രൂഷകന്റെ ഓർമ്മപ്പെരുന്നാൾ അദ്ദേഹം പകർന്ന് തന്ന ജീവിത മാതൃക ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഓർമ്മപ്പെരുന്നാൾ സഹായകരമാകണമെന്നും ബിഷപ്പ് കുട്ടിച്ചേർത്തു. തുടർന്ന് നടന്ന സന്ധ്യാ നമസ്കാരം തിരുനാൾ പ്രദക്ഷിണം എന്നീ ചടങ്ങുകൾക്കും ബിഷപ് മുഖ്യ കാർമികത്വം വഹിച്ചു.
പ്രഭാത നമസ്കാരം, ഡോ. ഗീവർഗീസ് മാർ ബാർണബാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ മുന്നിൽമേൽ കുർബാന, പ്രദക്ഷിണം, ആശിർവാദം എന്നിവയോടെ തിരുന്നാളിന് കൊടിയിറങ്ങി. ഇടവക വികാരി ഫാ. അനീഷ് ജോർജ് മാന്പള്ളിൽ, സെക്രട്ടറി ചാക്കോ വലിയകുന്നേൽ, ബേബി പുള്ളോർമത്തിൽ, പി.എം. ബെന്നി എന്നിവർ നേതൃത്വം നൽകി.