ഹൈക്കോടതി നിർദേശം പാലിക്കാതെ വനം അഡീഷണൽ സെക്രട്ടറി
1373600
Sunday, November 26, 2023 8:04 AM IST
ഉൗട്ടി: ഹൈക്കോടതി നിർദേശം പാലിക്കാതെ തമിഴ്നാട് വനം അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവ്. നീലഗിരിയിൽ വനത്തോടുചേർന്നുള്ളതിൽ രണ്ട് ഹെക്ടറിൽ താഴെ വരുന്ന ഭൂമികൾ സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽനിന്നു ഒഴിവാക്കാൻ കഴിയില്ലെന്നാണ് വനം അഡീഷണൽ സെക്രട്ടറി സുപ്രിയ സാഹുവിന്റെ ഉത്തരവിൽ.
ഇത് സ്വകാര്യ വനസംരക്ഷണ നിയമ പ്രകാരം 1991ൽ പ്രസിദ്ധപ്പെടുത്തിയ ഗസറ്റ് വിജ്ഞാപനത്തിൽ രണ്ടു ഹെക്ടറിൽ കുറവ് വിസ്തീർണമുള്ള പട്ടയഭൂമി ഉൾപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കർഷകൻ ഷണ്മുഖൻ ഫയൽ ചെയ്ത ഹരജിയിലെ കോടതി നിർദേശത്തിനു വിരുദ്ധമാണെന്നു വിവിധ കർഷക സംഘടനാ നേതാക്കൾ പറയുന്നു.
വനം സെക്രട്ടറിയുടെ ഉത്തരവ് നീലഗിരിയിൽ വിവാദമായിരിക്കയാണ്. രണ്ട് ഹെക്ടറിൽ താഴെ വിസ്തീർണമുള്ള ഭൂമികളെ 1991ലെ വിജ്ഞാപനത്തിൽനിന്നു ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഉൾപ്പെടുന്ന സമിതി സർക്കാരിന് ശിപാർശ ചെയ്തിരുന്നു. രണ്ട് ഹെക്ടറിൽ കുറഞ്ഞ ഭൂമി സ്വകാര്യ വനസംരക്ഷണ നിയമത്തിന്റെ പരിധിയിൽ വന്നത് അശ്രദ്ധമൂലമാണെന്ന് ഷണ്മുഖന്റെ ഹരജിയിൽ ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയുമുണ്ടായി. കർഷകർക്ക് വനം അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവ് തിരിച്ചടിയാണ്. ഉത്തരവിനെതിരേ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷണ്മുഖൻ പറഞ്ഞു.