കൽപ്പറ്റയിൽ എം.എൻ. സ്മാരക മന്ദിരം ഉദ്ഘാടനം നാളെ
1373597
Sunday, November 26, 2023 8:04 AM IST
കൽപ്പറ്റ: സിപിഐ ജില്ലാ കൗണ്‍സിൽ ഓഫീസ് കെട്ടിടം(എം.എൻ. സ്മാരക മന്ദിരം) നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, സംസ്ഥാന കണ്ട്രോൾ കമ്മീഷൻ അംഗം പി.കെ. മൂർത്തി, സംസ്ഥാന കൗണ്‍സിൽ അംഗം വിജയൻ ചെറുകര, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എസ്. സ്റ്റാൻലി, പി.എം. ജോയി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. ചടങ്ങിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ അധ്യക്ഷത വഹിക്കും.
കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ. പ്രകാശ് ബാബു, പി. സന്തോഷ്കുമാർ എംപി, റവന്യൂ മന്ത്രി കെ. രാജൻ, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സത്യൻ മൊകേരി, ടി.വി. ബാലൻ, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജിമോൾ, പി.കെ. മൂർത്തി എന്നിവർ പ്രസംഗിക്കും. ഇ.ജെ. ബാബു സ്വാഗതവും വിജയൻ ചെറുകര നന്ദിയും പറയും.
5,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്നുനില കെട്ടിടമാണ് ജില്ലാ കൗണ്‍സിൽ ഓഫീസിനു നിർമിച്ചത്. പാർട്ടി അംഗങ്ങളിൽനിന്നു സമാഹരിച്ചതും സംഭാവന ലഭിച്ചതുമായ തുക വിനിയോഗിച്ചാണ് കെട്ടിടം പണി പൂർത്തിയാക്കിയതെന്നു നേതാക്കൾ പറഞ്ഞു.