പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് കർമ സമിതിക്കു നിരാശ: സമരം ശക്തമാക്കും
1373596
Sunday, November 26, 2023 8:04 AM IST
കൽപ്പറ്റ: നവകേരള സദസിൽ മുഖ്യമന്ത്രി പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ റോഡ് സംബന്ധിച്ച് പ്രഖ്യാപനം നടത്താത്തതിൽ ജനകീയ കർമ സമിതിക്ക് നിരാശ. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയെക്കുറിച്ച് സദസിൽ മുഖ്യമന്ത്രി വാചാലനായി.
എന്നാൽ 30 വർഷം മുന്പ് നിർമാണം ആരംഭിച്ചതും 73 ശതമാനം പ്രവൃത്തി പൂർത്തിയാതുമായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് വിഷയത്തിൽ മൗനം പാലിച്ചു. ഇത് ജില്ല നേരിടുന്ന യാത്രാപ്രശ്നത്തോടുള്ള അവഗണനയായാണ് കർമ സമിതി കാണുന്നത്. ബദൽ റോഡ് വിഷയം മുഖ്യമന്ത്രിയെ ബോധിപ്പിക്കുന്നതിൽ നവകേരള സദസ് സംഘാടകർ പരാജയപ്പെട്ടതായി സമിതി വിലയിരുത്തി.
റോഡ് വിഷയത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലും പേരാന്പ്ര നിയോജകമണ്ഡലത്തിലും പ്രചാരണ വാഹനജാഥ നടത്താനും അധികാരികൾ ഉചിതമായി പ്രതികരിച്ചില്ലെങ്കിൽ വനം മാർച്ച്, രാപകൽ സമരം, മനുഷ്യച്ചങ്ങല, ഉപവാസം, കളക്ടറേറ്റ് വളയൽ, ഹർത്താൽ തുടങ്ങിയവ സംഘടിപ്പിക്കാനും കർമ സമിതി തീരുമാനിച്ചതായി ചെയർപേഴ്സണ് ശകുന്തള ഷണ്മുഖൻ, വൈസ് ചെയർമാൻ ജോണ്സൻ, കോ ഓർഡിനേറ്റർ കമൽ ജോസഫ് എന്നിവർ അറിയിച്ചു.