ബബിതയുടെ ഒന്നാം റാങ്കിനു നക്ഷത്രത്തിളക്കം
1373260
Saturday, November 25, 2023 2:09 AM IST
പുൽപ്പള്ളി: കാലിക്കട്ട് യൂണിവേഴ്സിറ്റി എംഎ വിമൻ സ്റ്റഡീസ് പരീക്ഷയിൽ ബി.പി. ബബിത നേടിയ ഒന്നാം റാങ്കിന് നക്ഷത്രത്തിളക്കം. പരിമിതികളുമായി പൊരുതിയാണ് പട്ടികവർഗ വിഭാഗത്തിൽനിന്നുള്ള ബബിതയുടെ നേട്ടം.
കാവുമന്ദം നടുവിൽപാലിൽ പരേതനായ ബാലൻ-ബിന്ദു ദന്പതികളുടെ മകളാണ് ബബിത. നിലവിൽ പുൽപ്പള്ളി സി.കെ. രാഘവൻ മെമ്മോറിയൽ ബിഎഡ് കോളജ് വിദ്യാർഥിനിയാണ്. കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിലായിരുന്നു ബിരുദാന്തര ബിരുദ പഠനം.
ബബിതയ്ക്കു നാലുവയസുള്ളപ്പോഴായിരുന്നു പിതാവിന്റെ മരണം. കൂലിപ്പണിക്ക് പോയാണ് മാതാവ് ബബിതയെ പഠിപ്പിച്ചത്. പിണങ്ങോട് ഡബ്ല്യുഒഎച്ച്എസിൽനിന്നാണ് മികച്ച മാർക്കോടെ പ്ലസ്ടു പാസായത്.
ചെതലയം ട്രൈബൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് സോഷ്യോളജിയിൽ ബിരുദമെടുത്തത്. അമ്മയുടെ പിന്തുണയില്ലാതിരുന്നെങ്കിൽ വിദ്യാഭ്യാസം എങ്ങുമെത്തുമായിരുന്നില്ലെന്ന് അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ബബിത പറയുന്നു.