ഭൂപരിഷ്കരണ നിയമം : "ദുർവ്യാഖ്യാനം ചെയ്തു ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണം’
1340201
Wednesday, October 4, 2023 7:55 AM IST
കൽപ്പറ്റ: 1970 ലെ കേരള ഭൂപരിഷ്ക്കരണ നിയമത്തിൽ പറയാത്ത കെഎൽആർ സർട്ടിഫിക്കറ്റിന്റെ പേരിൽ ജില്ലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കിയ ജില്ലയിലെ മുൻ റവന്യു വകുപ്പിലെ തലവൻമാർക്കും കൂട്ടാളികൾക്കും എതിരായി അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരേ നടപടികൾ എടുക്കണമെന്നും കേരള കർഷകക്ഷേമ സമിതി കേന്ദ്ര കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭൂപരിഷ്കരണ നിയമത്തിലെ 81-ാം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് നിർമാണ നിരോധനത്തിന് വഴി ഒരുക്കിയത്. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 15 ഏക്കർ ഭൂമി ക്രയവിക്രയ സ്വാതന്ത്രത്തോടും സകല അവകാശളോടുംകൂടി കൈവശം വച്ചും നികുതിയടച്ചും യഥേഷ്ടം വീട്, കൃഷി തുടങ്ങിയ മറ്റു ജിവനോപാധികൾ ഉൾപ്പെടെ അനുഭവിച്ചു വരാവുന്നതുമാണ്. പ്ലാന്റേഷൻ ആണെങ്കിൽ ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ലായെന്ന് പറഞ്ഞിട്ടില്ല. ഒരു പൗരന് സ്വത്തു വാങ്ങാനും വിൽക്കാനും കഴിയുമെന്നത് അവരുടെ മൗലിക അവകാശമാണ്.
ഈ നിയമത്തിലെ 87-ാം വകുപ്പ് അനുശാസിക്കും പ്രകാരം പ്ലാന്റേഷനുകൾ സംരക്ഷിക്കപ്പെടണം. എന്നാൽ ഭൂനിയമത്തിൽ വയനാടിന് വേണ്ടി മാത്രമായി ഒരുതരത്തിലുള്ള ഭേദഗതിയും നിർദേശിച്ചിട്ടില്ല.
വസ്തുതകൾ ഇതായിരിക്കെ ഒരു ജില്ലാ കളക്ടർ തുടങ്ങിവച്ച കെഎൽആർ സർട്ടിഫിക്കറ്റ് പിന്നീടും തുടർന്നത് ഒരു ഗൂഡാലോചനയുടെ ഫലമാണ്. ചില തൽപര കക്ഷികളെ സഹായിക്കുന്നതിന് വേണ്ടി നടത്തിയ നീക്കങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്.
കേരള ലാൻഡ് ബോർഡിന്റെ സെക്രട്ടറി അർജുൻ പാണ്ഡിയൻ ഐഎഎസ് വയനാട്ടിൽ മാത്രമായി ഇപ്രകാരം നിരോധനത്തിന് ഉതകുന്ന കെഎൽആർ സർട്ടിഫിക്കറ്റ് നടപ്പാക്കിയത് ശരിയല്ലായെന്ന് എൽബി എ3/2965/2022 പ്രകാരം വയനാട് ജില്ല കളക്ടർക്ക് 2023 ഓഗസ്റ്റ് 11ന് അയച്ച ഉള്ള സർക്കുലറിൽ പറയുന്നുണ്ട്.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങൾ കഴിഞ്ഞിട്ടും പ്രസ്തുത സർക്കുലർ താഴേ തലങ്ങളിലേക്ക് പോയിട്ടില്ല. ഇല്ലാത്ത നിയമം അടിച്ചേൽപ്പിച്ചതു വഴി ജില്ലയിലെ ജനങ്ങൾ വലിയതോതിൽ പ്രയാസം അനുഭവിക്കേണ്ടി വരുകയാണ്. ബാങ്ക് വായ്പ തിരിച്ചടയ്ക്കൽ, മക്കളുടെ വിവാഹം, പഠനം, വീട് നിർമാണം, രോഗം തുടങ്ങി സാന്പത്തിക ആവശ്യം നിറവേറ്റാൻ ജനങ്ങൾക്ക് അവരുടെ കൈവശമുള്ള വസ്തുക്കൾ പോലും വിൽക്കാൻ പറ്റാത്ത അവസ്ഥ വന്നു.
15 കൊല്ലത്തോളം ഈ ദുരവസ്ഥ വയനാട്ടിലെ ജനങ്ങൾ അനുഭവിച്ചു. കർഷകരടക്കം നിരവധിപേർ ഇക്കാരണത്താൽ സാന്പത്തിക പ്രയാസം കൊണ്ട് ആത്മഹത്യ ചെയ്തു. ജില്ലയിലെ എല്ലാ ബാങ്കുകളിലും കിട്ടാക്കടം പെരുകി.
നിയമം അനുസരിച്ച് നീതി ലഭിക്കുന്ന ജനപക്ഷ നിലപാട് എടുക്കാൻ ഉദ്യോഗസ്ഥർ തയാറാകണം. നീതിപൂർണമായി പ്രവർത്തിക്കാത്ത ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ഇപ്പോൾ സർക്കാരുകൾക്ക് കഴിയുന്നില്ലായെന്നത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതിനാൽ മേൽപ്പറഞ്ഞ വീഴ്ചകൾക്ക് തുടക്കമിട്ടവരും 15 വർഷകാലമായി ജില്ലയിൽ മാത്രം നിവസിക്കുന്ന ജനങ്ങളോട് ന്യായമില്ലാത്ത നിയമം അടിച്ചേൽപ്പിച്ചവർക്കുമെതിരേ നിയമ നടപടി സ്വീകരിക്കണം.
സർക്കാർ ഈ കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കണം. കേന്ദ്ര കമ്മിറ്റി അംഗം എം.ഡി. ജോസ് അധ്യക്ഷത വഹിച്ചു. കെ. സലീം, വി.കെ. ജോയി, വി.വി. അജി, പി.ജെ. ജോസഫ്, കെ. സാവിത്രി എന്നിവർ പ്രസംഗിച്ചു.