കേരരക്ഷാ പദ്ധതി തെങ്ങുസംരക്ഷണവുമായി കൃഷി വകുപ്പ്
1340195
Wednesday, October 4, 2023 7:55 AM IST
കൽപ്പറ്റ: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരരക്ഷാവാരം പദ്ധതി ജില്ലയിൽ തുടങ്ങി. പദ്ധതിയിലൂടെ 36,100 തെങ്ങുകളുടെ തടത്തിൽ പച്ചിലവള/പയർ വിത്ത് നൽകി ജൈവവള ലഭ്യത ഉറപ്പുവരുത്തും.
തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ തെങ്ങിന്റെ മുകൾഭാഗം വൃത്തിയാക്കി സസ്യസംരക്ഷണ പ്രവർത്തനങ്ങൾ നടത്തും. കേര രക്ഷാ പദ്ധതികൾക്കായി ജില്ലയ്ക്ക് 15,71,125 രൂപയാണ് വകയിരുത്തിയത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ മേപ്പാടി, മൂപ്പൈനാട്, കൽപ്പറ്റ, തരിയോട്, നെൻമേനി, എടവക, വെള്ളമുണ്ട, മുള്ളൻകൊല്ലി, അന്പലവയൽ, പനമരം, തൊണ്ടർനാട് പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത വാർഡുകളിലാണ് പദ്ധതി നടപ്പാക്കുക. തെങ്ങിന്റെ കൃത്യമായ പരിപാലന മുറകളുടെ അഭാവവും ചെന്പൻചെല്ലി, കൊന്പൻചെല്ലി, കൂന്പുചീയൽ തുടങ്ങിയ കീടരോഗാക്രമണവും നാളികേരത്തിന്റെ ഉത്പാദന ക്ഷമതയെ സാരമായി ബാധിച്ചിരുന്നു.
കൂന്പുചീയൽ രോഗപ്രതിരോധത്തിന് അന്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിക്കുന്ന ട്രൈക്കോ കേക്കും ചെന്പൻ ചെല്ലി, കൊന്പൻചെല്ലി, ആക്രമണം തടയാൻ കാർട്ടാപ് ഹൈഡ്രോ ക്ലോറൈഡും ഓല കവിളുകളിൽ നിക്ഷേപിക്കും. ജില്ലയിലെ അഗ്രോ സർവീസ് സെന്റർ, കർഷിക കർമ്മ സേന, കേര സമിതികൾ എന്നിവ വഴിയാണ് സസ്യസംരക്ഷണ പ്രവൃത്തികൾ നടത്തുന്നത്.