കാരാപ്പുഴ വിനോദ സഞ്ചാരകേന്ദ്രം: നൂതന റൈഡുകൾ തുടങ്ങും
1339854
Monday, October 2, 2023 12:53 AM IST
കൽപ്പറ്റ: കാരാപ്പുഴ വിനോദസഞ്ചാര കേന്ദ്രത്തിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നതിനു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും നൂതന റൈഡുകൾ തുടങ്ങാനും ടൂറിസം മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചു.
ഫ്ളയിംഗ് ചെയർ, ഫ്ളയിംഗ് യുഎഫ്ഒ, ഡ്രോപ് ടവർ, ജംന്പിംഗ് സർക്കിൾ തുടങ്ങിയ റൈഡുകളാണ് ആരംഭിക്കുക. കഫ്റ്റീരിയ, വെർച്ച്വൽ റിയാലിറ്റി സെന്റർ, സുവനീർ/സ്പൈസസ് ഷോപ്പ് എന്നിവ എന്നിവ വൈകാതെ സജ്ജമാക്കും.
തിരുവനന്തപുരം വേളി മോഡൽ ടോയ് ട്രെയിൻ സൗകര്യം ഒരുക്കുന്നതിനും ഗാർഡൻ ശുചീകരണം ഫലപ്രദമാക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരത്തോടെ ഇൻസിനിറേറ്റർ സ്ഥാപിക്കുന്നതിനുമുള്ള സാധ്യതകൾ പരിശോധിക്കും.
പുതുതായി സെക്ഷൻ ഓഫീസ് ആരംഭിക്കുന്നതിനു സർക്കാരിന് അപേക്ഷ നൽകും. നെല്ലാറച്ചാൽ വ്യൂ പോയന്റ് ടൂറിസം സ്പോട്ടായി മാറ്റിയെടുക്കുന്നതിന് ജില്ലാ ടൂറിസം വകുപ്പുമായി ആലോചിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കും.
ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ വാഴവറ്റ ടൗണിൽ ടോയ്ലറ്റ് ബ്ലോക്ക് സ്ഥാപിക്കുന്നതിന് മുട്ടിൽ പഞ്ചായത്തുമായി ചേർന്ന് പദ്ധതി ആവിഷ്ക്കരിക്കും. ടാക്സി ഡ്രൈവർമാരുടെ ഉപയോഗത്തിന് ഗാർഡനു പുറത്ത് ടോയ് ലറ്റ് ബ്ലോക്ക് നിർമിക്കും.
ഗാർഡനിലെ താത്കാലിക തൊഴിലാളികൾക്കും കരാർ ജീവനക്കാർക്കും ഇൻഷ്വറൻസ് പരിരക്ഷ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ടി. സിദ്ദീഖ് എംഎൽഎ അധ്യക്ഷത വഹിച്ചു.
കമ്മിറ്റിയിലെ സർക്കാർ നോമിനികളായ പി. ഗഗാറിൻ, കെ.ജെ. ദേവസ്യ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, പഞ്ചായത്ത് അംഗങ്ങളായ പി.ജി. സജീവ്, മേരി സിറിയക് തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.